ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ കുടിയേറ്റക്കാരെ തടവില്‍പ്പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിനുനേരെ വ്യോമാക്രമണം. ആക്രമണത്തിൽ മുപ്പത്തിയഞ്ചോളം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും കൂടുമെന്ന് എമര്‍ജന്‍സി സര്‍വീസസ് വക്താവ് ഒസാമ അലി അറിയിച്ചു. സുഡാന്‍, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 120 കുടിയേറ്റക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ മൂന്നുമാസമായി സര്‍ക്കാരിനെതിരെ പോരാട്ടം നടത്തുന്ന വിമതനേതാവ് ജനറല്‍ ഖാലിഫ ഹഫ്താറാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ ആരോപിക്കുന്നു. ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഏപ്രിലിലാണ് അവസാനമായി ആക്രമണമുണ്ടായത്. ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അഭയസ്ഥാനമാണ് ലിബിയ. ഇറ്റലിയിലേക്കാണ് പലരും ബോട്ട്മാര്‍ഗം പോകുന്നതെങ്കിലും ലിബിയന്‍ തീരത്ത് തീരദേശസേന അവരെ ഏറ്റെടുക്കുകയാണ് പതിവ്. ഇതിനെ യൂറോപ്യന്‍ യൂണിയൻ പിന്തുണക്കുന്നുണ്ട്.