ആഫ്രിക്ക: കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിൽ എബോള വൈറസ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് കോംഗോയിൽ എബോള സ്ഥിരീകരിക്കുന്നത്. ഏകദേശം രണ്ട് ദശലക്ഷം ആളുകളാണ് ഗോമയില്‍ താമസിക്കുന്നത്. വൈറസ് ബാധ പടരുകയാണെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകുക. റുവാൻഡ, സൗത്ത് സുഡാൻ, ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
എബോള ബാധിത പ്രദേശമായ ബുടെംബേയില്‍ നിന്ന് ഗോമയിൽ വന്ന ആളിലാണ് വൈറസ് കണ്ടെത്തിയത്. പ്രാദേശിക ചികിത്സാ കേന്ദ്രത്തിലെത്തിയ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളെ എബോള ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2014-16 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് ബാധ മൂലം 11,300 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ആയിരത്തിലധികം പേരാണ് എബോള ബാധിച്ച് മരിച്ചത്. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.