നെയ്റോബി: കെനിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ അല്‍ ഷബാബ് ഭീകരരുടെ ആക്രമണം. കെനിയ- സൊമാലിയ അതിർത്തിക്ക് സമീപം ലാമ കൗണ്ടിയിലെ ക്യാംപ് സിംബയില്‍ മന്താ വ്യോമപാതയ്ക്കു സമീപം രാവിലെ അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുഎസ് എയര്‍ക്രാഫ്റ്റുകളും സൈനിക വാഹനങ്ങളും നശിച്ചു. നാല് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. താവളത്തിലേക്ക് നുഴഞ്ഞുകയാറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കത്തിക്കൊണ്ടിരിക്കുന്ന എയര്‍ക്രാഫ്റ്റിന്‍റെ ചിത്രം അല്‍ ഷബാബ് പുറത്തുവിട്ടിട്ടുണ്ട്.
ഭീകരസംഘടനയായ അല്‍ ഖ്വെയ്‌ദയുമായി ബന്ധമുള്ള സംഘടനയാണ് അല്‍ ഷബാബ്. കെനിയയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും യുഎസ് സൈന്യത്തിന് നേരെ അല്‍ ഷബാബ് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശ പ്രകാരം സംഘടനക്ക് നേരെ നിരവധി വ്യോമാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.