കെനിയ: ആഫ്രിക്കയിൽ കൊവിഡ് മരണം 100,000 കടന്നു. ആഫ്രിക്കയിലെ ആകെ മരണ സംഖ്യ 100,294 ആണ്. ആഫ്രിക്കയിലെ കൊവിഡ് സാഹചര്യം വളരെ രൂക്ഷമാണെന്ന് ആഫ്രിക്ക സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്‌ടർ ജോൺ എൻകെൻഗോസോംഗ് പറഞ്ഞു. കൊവിഡിനെ നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ കുറവാണെന്നും മരണ സംഖ്യ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1.3 ബില്യൺ ജനങ്ങളുള്ള ഭൂഖണ്ഡത്തിൽ വാക്‌സിനുകളുടെ ലഭ്യത വളരെ കുറവാണെന്നും 2022 അവസാനിക്കുന്നതിനു മുമ്പ് 60 ശതമാനം ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എൻകെൻഗോസോംഗ് പറഞ്ഞു.
അതേസമയം ഒരു മാസത്തിനിടെ കൊവിഡ് മരണത്തിൽ 40 ശതമാനം വർധനയാണുണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ പ്രതിനിധി മാത്ഷിദിസോ മൊയിതി പറഞ്ഞു. കഴിഞ്ഞ നാല് ആഴ്‌ചക്കുള്ളിൽ 22,000ൽ അധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദക്ഷിണാഫ്രിക്കയിൽ മെയ് മൂന്നിനും ജനുവരി 23നും ഇടയിൽ 125,000ത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.