തൃശൂര്‍: ജില്ലയിലെ കൊലപാതക പരമ്പരയെ തുടര്‍ന്ന് ഗുണ്ടാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്‌ഡ്. ഓപ്പറേഷന്‍ റേഞ്ചറിന്‍റെ ഭാഗമായി തൃശൂര്‍ സിറ്റി പൊലീസിന് കീഴില്‍ 20 സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നാഴ്‌ച്ചക്കിടെ ഏഴ് കൊലപാതകമാണ് ജില്ലയിലുണ്ടായത്. ജില്ലാ സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ വി.കെ രാജുവിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ലയില്‍ നടന്ന കൊലപാതക പരമ്പരയില്‍ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഗുണ്ടാ ആക്രമണം തടയുന്നതിനായി കേരളാ പൊലീസ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ റേഞ്ചര്‍ പ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ അന്വേഷണത്തിലുള്ള കേസുകളിലെ മുഴുവന്‍ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി ഒളിവില്‍ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകള്‍ സമയബന്ധിതമായി നടപ്പാക്കുക, ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയവരെ അറസ്റ്റ് ചെയ്യാനും പൊലീസ് നടപടി ആരംഭിച്ചു.