ഡിയോൾ കുടുംബത്തിൽ നിന്ന് മറ്റൊരു താരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ്. മുത്തച്ഛൻ ധർമേന്ദ്രയുടെയും അച്ഛൻ സണ്ണി ഡിയോളിന്‍റെയും പാത പിന്തുടർന്ന് രാജ്‌വീർ ഡിയോൾ (Rajveer Deol) ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. 'ഡോണോ' (Dono) എന്ന ചിത്രത്തിലൂടെയാണ് രാജ്‌വീർ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വയ്‌ക്കുന്നത്.
ബോളിവുഡ് നടി പൂനം ധില്ലന്‍റെ മകൾ പലോമയാണ് (Paloma Dhillon) സണ്ണി ഡിയോളിന്‍റെ ഇളയ മകനായ രാജ്‌വീറിന്‍റെ നായികയാകുന്നത്. ചിത്രത്തിന്‍റെ ടീസർ (Dono Teaser) പുറത്തിറങ്ങി. 1984-ൽ പുറത്തിറങ്ങിയ 'സോണി മഹിവാൾ' (Soni Mahiwal) എന്ന ചിത്രത്തിൽ സണ്ണി ഡിയോളും പൂനം ധില്ലനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും മക്കൾ വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്.
മുതിർന്ന ചലച്ചിത്ര നിർമാതാവ് സൂരജ് ബർജാത്യയുടെ മകനായ അവ്നിഷ് എസ് ബർജാത്യയാണ് (Avnish S Barjatya) ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അവ്നിഷ് എസ് ബർജാത്യയുടെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഒരു എക്‌സോട്ടിക് ലൊക്കേഷനിലെ ഡെസ്റ്റിനേഷൻ വെഡിങ്ങിൽ അതിഥികളായി എത്തുന്ന രാജ്‌വീറിനെയും പലോമയെയും ആണ് ചിത്രത്തിന്‍റേതായി പുറത്തുവന്ന ആദ്യ ടീസറിൽ കാണാനാവുക.
ദേവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രാജ്‌വീർ അവതരിപ്പിക്കുന്നത്. മേഘ്‌ന എന്നാണ് പലോമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിവാഹ ആഘോഷ വേളയിലെ ഇരുവരുടെയും ദൃശ്യങ്ങൾ ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പൂർണമായും പ്രണയം തുളുമ്പുന്ന അന്തരീക്ഷത്തിലാണ് ടീസർ ചിത്രീകരിച്ചിരിക്കുന്നത്. രാജ്‌വീറിന്‍റെ അച്ഛൻ സണ്ണി ഡിയോളും അമ്മാവൻ ബോബി ഡിയോളും ഉൾപ്പെടെ നിരവധി പേരാണ് ടീസർ പ്രേക്ഷകരുമായി പങ്കുവച്ചത്.
അതേസമയം, 2021 ൽ ആണ് രാജ്‌വീർ ഡിയോളിന്‍റെ അരങ്ങേറ്റം ധർമേന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്‍റെ പേരക്കുട്ടിയെ അനുഗ്രഹിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. 'അവ്നിഷ് ബർജാത്യയുടെ ആദ്യ സംവിധാനത്തിനൊപ്പം എന്‍റെ ചെറുമകൻ രാജ്‌വീർ ഡിയോളിനെയും സിനിമ ലോകത്തിന് പരിചയപ്പെടുത്തുന്നു. എന്നോട് കാണിച്ച സ്‌നേഹവും വാത്സല്യവും അവരിലും ചൊരിയാൻ ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു'- എന്നായിരുന്നു ധർമേന്ദ്രയുടെ ട്വീറ്റ്.
'ഹിരണ്യകശ്യപി'ന്‍റെ അപ്‌ഡേറ്റുമായി റാണ ദഗുബാട്ടി: തന്‍റെ വരാനിരിക്കുന്ന ഡ്രീം പ്രോജക്‌ടായ 'ഹിരണ്യകശ്യപ്' (Hiranyakashyap) എന്ന ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പങ്കുവച്ച് തെലുഗു സൂപ്പർ സ്റ്റാർ റാണ ദഗുബാട്ടി (Rana Daggubati). സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റാണ. സിനിമയുടെ കൺസെപ്റ്റ് ടീസർ (Concept video) ഉടൻ പുറത്തിറങ്ങും എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ. "ക്ഷമ ഒരു പുണ്യമാണ്, പക്ഷേ ഈ കാത്തിരിപ്പ് വിലമതിപ്പുള്ളതാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു!'- എന്നാണ് റാണയുടെ മീഡിയ ഹൗസായ സ്‌പിരിറ്റ് മീഡിയ (Spirit Media ) വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് കുറിച്ചത്.
പുരാണകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഹിരണ്യകശ്യപ്' പ്രമുഖ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് (Trivikram Srinivas) ആണ് സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ കഥാപാത്രമായ 'ഹിരണ്യകശ്യപി'നെയാണ് ഈ ചിത്രത്തില്‍ റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്. അസുരരാജാവായ ഹിരണ്യകശ്യപായി താരമെത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ.
READ MORE: 'ഹിരണ്യകശ്യപി'ന്‍റെ അപ്‌ഡേറ്റുമായി റാണ ദഗുബാട്ടി; ഡ്രീം പ്രോജക്‌ടെന്ന് താരം