ഹൈദരാബാദ്: ബോളിവുഡ് താരം സാറ അലി ഖാന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഫ്രാന്‍സിലെ കാനിലെ റിസോര്‍ട്ടില്‍ നിന്നുള്ള താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. കാനില്‍ നിന്നുള്ള താരത്തിന്‍റെ ആദ്യ പോസ്റ്റാണിത്.
കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പങ്കെടുക്കാനാണ് സാറ അലി ഖാന്‍ ഫ്രാന്‍സിലെത്തിയത്. മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മെഡിറ്ററേനിയന്‍ കടലിന് നേരെ കോഫി പിടിച്ചിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. 'കാന്‍സ്, ഫ്രഞ്ച് റിവിയേര, ഫ്രാന്‍സ്' എന്നാണ് ചിത്രത്തിന് താഴെ സാറ അലി ഖാന്‍ കുറിച്ചത്.
ആദ്യമായാണ് സാറ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഫെസ്റ്റിവലില്‍ ആദ്യമായി പങ്കെടുക്കാനെത്തിയവര്‍ വേറെയും ഉണ്ട്. അദിതി റാവു ഹൈദരി, മുൻ ലോകസുന്ദരി മാനുഷി ഛില്ലർ എന്നിവരും ആദ്യമായാണ് കാന്‍സിലെത്തുന്നത്. എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി സാറ അലി ഖാന്‍ ചിത്രങ്ങള്‍ പങ്കിടാറുണ്ട്. താരം പങ്കിട്ട ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്.
ഇന്ന് ആരംഭിച്ച് മെയ് 27 വരെയാണ് കാന്‍ ഫിലിം ഫെസ്‌റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. അനുരാഗ് കശ്യാപിന്‍റെ ഒന്നിലധികം ചിത്രങ്ങളാണ് ഇത്തവണ കാനിലെത്തിയിട്ടുള്ളത്.
കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍: അനുരാഗ് കശ്യാപ് സംവിധാനം ചെയ്‌ത കെന്നഡി, കനു ബെഹലിന്‍റെ ആഗ്ര, അരിബം ശ്യാം ശര്‍മയുടെ ഇഷാനോ എന്നീ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രമായ 'കെന്നഡി' മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.
ആഗ്ര എത്തുന്നതാകട്ടെ ഡയറക്‌ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയറിലാണ്. എന്നാല്‍ മണിപ്പൂരി സംവിധായകന്‍ അരിബം ശ്യാം ശര്‍മയുടെ ചിത്രം ഇഷാനോ റെഡ് കാര്‍പെറ്റ് വേള്‍ഡ് പ്രീമിയറിലാണ് പ്രദര്‍ശിപ്പിക്കുക. മെയ് 19നായിരിക്കും ഇഷാനോയുടെ പ്രദര്‍ശനം.
1999ല്‍ പുറത്തിറങ്ങിയ ഇഷാനോ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അനുരാഗ് കശ്യപിന്‍റെ നിരവധി ചിത്രങ്ങള്‍ നേരത്തെയും കാനില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവമായ കാനില്‍ അനുരാഗ് കശ്യപിന്‍റെ ഗ്യാങ്‌സ് ഓഫ് വസേപൂര്‍, രാമന്‍ രാഘവ്, അഗ്ലി എന്നീ ചിത്രങ്ങളാണ് നേരത്തെ പ്രദര്‍ശിപ്പിച്ചത്.
കാന്‍ ഫിലിം ഫെസ്‌റ്റിവല്‍: 1946 മുതല്‍ കാനില്‍ നടക്കുന്ന ചലച്ചിത്ര മേളയാണ് കാന്‍ ഫിലിം ഫെസ്‌റ്റിവല്‍. ലോകമെമ്പാടുമുള്ള ഡോക്യുമെന്‍ററികളും മികച്ച സിനിമകളും ഇതില്‍ പ്രദര്‍ശിപ്പിക്കും. ലോകമെമ്പാടുമുള്ള സിനിമ താരങ്ങളും പ്രവര്‍ത്തകരും ഒരുമിക്കുന്ന ഫിലിം ഫെസ്റ്റിവെലാണ് കാന്‍ ഫിലിം ഫെസ്‌റ്റിവെല്‍. ഇന്ത്യയില്‍ നിന്നുള്ള സിനിമ താരങ്ങളടക്കമുള്ള സിനിമ പ്രവര്‍ത്തകരാണ് ഇന്ന് ഫ്രഞ്ച് റിവിയേര നഗരത്തിലെ കാനിലെത്തിയത്. അനുഷ്‌ക ശര്‍മ, മാനുഷി ചില്ലര്‍, അനുരാഗ് കശ്യാപ്, വിജയ് ശര്‍മ തുടങ്ങിയവരെല്ലാം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.