ന്യൂഡെൽഹി: ഇന്ത്യൻ ബോക്‌സ് ഓഫിസ് കീഴടക്കാൻ വമ്പൻ ഹോളിവുഡ് ചിത്രങ്ങൾ വരുന്നു. 'മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ് പാർട്ട് വൺ' (Mission Impossible Dead Reckoning Part One) സൃഷ്‌ടിച്ച തരംഗം തീരും മുമ്പാണ് സിനിമാസ്വാദകരില്‍ ആവേശം നിറച്ച് പുതിയ ചിത്രങ്ങൾ എത്തുന്നത്. 'ഓപ്പൺഹൈമർ' (Oppenheimer), 'ബാർബി' (Barbie) എന്നീ ചിത്രങ്ങളാണ് ചരിത്ര നേട്ടം ലക്ഷ്യംവച്ച് ഇന്ത്യൻ ബോക്‌സ് ഓഫിസില്‍ എത്തുന്നത്. ഈ രണ്ട് ഹോളിവുഡ് സിനിമകളും നാളെ (ജൂലൈ 21 വെള്ളിയാഴ്‌ച) റിലീസ് ചെയ്യും.
ലോകസിനിമ ചരിത്രത്തിൽ അസാധാരണമായൊരു കൗതുകത്തിനാണ് ജൂൺ 21 സാക്ഷിയാകാൻ പോകുന്നതെന്ന് പറയാം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് അന്നേ ദിവസം ഒരുമിച്ചു റിലീസ് ചെയ്യുന്നത്. സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഓപ്പൺഹൈമർ'.
ക്രിസ്റ്റഫർ നോളാനാണ് (Christopher Nolan) സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നത് തന്നെയാണ് 'ഓപ്പൺഹൈമറി'ന്‍റെ പ്രതീക്ഷകൾ ഏറ്റുന്നത്. 'ഇൻസെപ്‌ഷൻ, പ്രസ്റ്റീജ്, ഇന്‍റർസ്റ്റെല്ലർ, ടെനറ്റ്, ഡാർക്‌നൈറ്റ് ട്രിലോജി' തുടങ്ങിയ അവിസ്‌മരണീയ ചിത്രങ്ങളൊരുക്കിയ നോളാൻ ഇക്കുറി എന്തായിരിക്കും ഒരുക്കിവച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ.
ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ആറ്റം ബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്‌ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. ആറ്റംബോംബിന്‍റെ നിർമാണവും രണ്ടാംലോക മഹായുദ്ധവും ചിത്രം പ്രമേയമാക്കുന്നുണ്ടെന്നാണ് വിവരം.
ഗ്രേറ്റ ഗെർവിഗ് (Greta Gerwig) ആണ് 'ബാർബി' സംവിധാനം ചെയ്‌തിരിക്കുന്നത്. മികച്ച സംവിധായികക്കുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ച ചുരുക്കം ചില വനിതകളിലൊരാളാണ് ഗ്രേറ്റ ഗെർവിക് എന്നതും സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. ചിത്രത്തിൽ ബാർബിയായി മാർഗരറ്റ് റോബിയും (Margot Robbie) കെൻ ആയി റയാൻ ഗോസ്ലിങ്ങും (Ryan Gosling) ആണ് എത്തുന്നത്.
ക്രിസ്റ്റഫർ നോളന്‍റെ 'ഓപ്പൺഹൈമറി'നൊപ്പം തന്നെ നിൽക്കുന്ന ചിത്രമായി 'ബാർബി' പൂർണമായും മാറിക്കഴിഞ്ഞിട്ടുണ്ട്. ബജറ്റിലും 'ഓപ്പൺഹൈമറി'നോട് കിടപിടിക്കുന്ന ചിത്രം തന്നെയാണ് 'ബാർബി'. ഒരിടവേളയ്‌ക്ക് ശേഷം തിയേറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന രണ്ട് ഹോളിവുഡ് ക്ലാഷ് റിലീസായി തന്നെയാണ് ഈ രണ്ട് സിനിമകളും വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫിസില്‍ ഇതില്‍ ഏത് ചിത്രം മുന്നിട്ടു നിൽക്കുമെന്നത് കണ്ടുതന്നെ അറിയണം.
അതേസമയം 'മിഷന്‍ ഇംപോസിബിള്‍' ഏഴാം ഭാഗം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 70 കോടി രൂപയാണ് ആദ്യ ആഴ്‌ചയിൽ തന്നെ പിന്നിട്ടത്. 72.85 കോടി രൂപയാണ് ഈ ചിത്രം ഇതുവരെ സമാഹരിച്ചത്. പ്രദര്‍ശനത്തിന്‍റെ ഏഴാം ദിനത്തിലാണ് ഈ നേട്ടമന്നതും ശ്രദ്ധേയം. ഏഴാം ദിനത്തില്‍ മാത്രം ചിത്രം 4.35 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2023ന്‍റെ രണ്ടാം പകുതിക്ക് ടോം ക്രൂസ് ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ തുടക്കം നൽകിയെന്ന് ട്രേഡ് അനലിസ്റ്റ് ഗൗതം ദത്ത പറയുന്നു. ഈ മാസം 'ഓപ്പൺഹൈമറി'ന്‍റെയും 'ബാർബി'യുടെയും വമ്പൻ ഓപ്പണിംഗ് ആണ് ഉണ്ടാവുകയെന്നും ആളുകൾ വീണ്ടും തിയേറ്ററുകളിലേക്ക് ഒഴുകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഓപ്പൺഹൈമർ 7 കോടി രൂപയും ബാർബി 4 കോടി രൂപയും ആദ്യ ദിനം ബോക്‌സ് ഓഫിസ് കളക്ഷൻ നേടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ആദ്യ വാരാന്ത്യ (വെള്ളി-ഞായർ) കളക്ഷനിൽ ഓപ്പൺഹൈമറിന്‍റെത് ഏകദേശം 30 കോടി രൂപയും ബാർബിയുടെത് 15 കോടി രൂപയുമാകാം," ദത്ത പിടിഐയോട് പറഞ്ഞു. ക്രൂസിന്‍റെ ആക്ഷൻ ഫ്രാഞ്ചൈസിയായ 'മിഷൻ: ഇംപോസിബിളി'ലെ ഏഴാമത്തെ ചിത്രമായ "ഡെഡ് റെക്കണിംഗ് പാർട്ട് വൺ" ജൂലൈ 12 നാണ് ഇന്ത്യൻ സ്‌ക്രീനുകളിലെത്തിയത്.
10 ദിവസത്തിനുള്ളിൽ മൂന്ന് ഹോളിവുഡ് ചിത്രങ്ങളാണ് ജൂലായ് മാസത്തില്‍ റിലീസാകുന്നത്. തിയേറ്ററുകളിൽ തകർപ്പൻ മാസമാണ് ജൂലൈ എന്ന് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ- സിനിമാസിന്‍റെ സിഒഒ ആശിഷ് സക്‌സേന പറഞ്ഞു. "ഹോളിവുഡ് സിനിമകൾ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു എന്നത് പ്രത്യേകം സന്തോഷം നൽകുന്ന ഒന്നാണ്. മിഷൻ: ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണിന് പിന്നാലെ 'ഓപ്പൻഹൈമറും' 'ബാർബിയും' തമ്മിലുള്ള ബോക്‌സ് ഓഫീസ് ദ്വന്ദ്വയുദ്ധമാണ് നടക്കാൻ പോകുന്നത്- അദ്ദേഹം പറഞ്ഞു.
രണ്ട് ചിത്രങ്ങളും ലോകമെമ്പാടും ശ്രദ്ധ നേടിക്കഴിഞ്ഞു. നോളന്‍റെ 'ഓപ്പൺഹൈമർ' ഇന്ത്യയിൽ വരവറിയിച്ച് കഴിഞ്ഞു. IMAX സ്‌ക്രീനുകളിൽ ചിത്രത്തിന്‍റെ മുൻകൂർ വിൽപ്പന പതിവിലും വളരെ നേരത്തെ തുറന്നതിനാൽ സ്വാഭാവികമായും വിൽപ്പനയിൽ മുന്നിലെത്തിയെന്ന് സക്‌സേന ഒരു പ്രസ്‌താവനയിൽ പറഞ്ഞു. സീനിയർ എക്‌സിക്യൂട്ടീവ് പറയുന്നതനുസരിച്ച് ബുക്ക്‌മൈഷോയിൽ മൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-എൻസിആർ, ചെന്നൈ എന്നീ നഗരങ്ങളാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.
ബുക്ക്‌മൈഷോയിൽ ബുക്ക് ചെയ്‌ത ഓപ്പൺഹൈമറിന്‍റെ നാൽപ്പത്തിരണ്ട് ശതമാനം ടിക്കറ്റുകളും ഇമ്മേഴ്‌സീവ് സിനിമാറ്റിക് ഫോർമാറ്റുകളില്‍ പ്രത്യേകിച്ച് ഐമാക്‌സ് ഫോർമാറ്റില്‍ ഉള്ളതാണെന്നും സക്‌സേന കൂട്ടിച്ചേർത്തു. മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും ഒന്നിക്കുന്ന "ബാർബി" പ്രേക്ഷകരെ, പ്രത്യേകിച്ച് യുവാക്കളെ, തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ചിത്രമാണെന്നും സക്‌സേന നിരീക്ഷിച്ചു.
'ഇന്ത്യയിലുടനീളമുള്ള മറ്റ് സ്‌ക്രീനുകളിലും തിയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞന്നതിനാൽ മുംബൈ, ബെംഗളൂരു, ഡൽഹി-എൻസിആർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബുക്ക്‌മൈഷോയിൽ ചിത്രം ഇതിനകം 54,000 ടിക്കറ്റുകൾ വിറ്റഴിച്ചു," അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച്, എട്ട് ശതമാനം ആളുകളാണ് ഒരേ ദിവസം തന്നെ "ഓപ്പൺഹൈമർ", "ബാർബി" എന്നിവയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തത്.
'ഓപ്പൺഹൈമർ', 'ബാർബി' എന്നിവയിലൂടെ തിയേറ്ററുകളിൽ ഉടലെടുത്ത ആവേശം ഈ ആഴ്‌ചയും തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റ് കോമൾ നഹ്‌ത പ്രതീക്ഷിക്കുന്നത്. രണ്ട് ചിത്രങ്ങളുടെയും ക്രേസ് വളരെ വലുതാണെങ്കിലും ഇവ 'മിഷൻ: ഇംപോസിബിളി'നെ കടത്തിവെട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ക്രിസ്റ്റഫർ നോളൻ ഒരു ക്ലാസ് ഡയറക്‌ടറാണ്. ബാർബി ഹിന്ദിയിൽ റിലീസ് ചെയ്യുന്നില്ല എന്നതും എടുത്തുപറയണം. മിഷൻ: ഇംപോസിബിൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്‌തതിനാൽ അതിനൊരു മാസ് അപ്പീൽ ലഭിച്ചിരുന്നു. നഹ്‌ത പറഞ്ഞു.
'അവതാർ: ദി വേ ഓഫ് വാട്ടർ', 'ഫാസ്റ്റ് എക്‌സ്' എന്നിവയാണ് അടുത്ത കാലത്ത് ഇന്ത്യൻ ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഹോളിവുഡ് ചിത്രങ്ങൾ. 2022 ഡിസംബറിൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്‍റെ "ദി വേ ഓഫ് വാട്ടർ" ആദ്യ ആഴ്‌ചയിൽ 10 കോടിയിലധികം കളക്ഷനാണ് നേടിയത്. ഈ വർഷം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തിയ 'ഫാസ്റ്റ് എക്‌സ്' ആദ്യ മൂന്ന് ദിവസം കൊണ്ട് 61 കോടിയാണ് നേടിയത്.
ALSO READ: മിഷൻ ഇംപോസിബിൾ 7 ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍; ഏഴാം ദിനത്തില്‍ 70 കോടി