മലയാളത്തിന്‍റെ പ്രിയ കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ. തറവാട് വീടിന്‍റെ വരാന്തയിൽ ബാലാമണിയമ്മ ഇരുന്ന് എഴുതുന്ന തരത്തിലുള്ള ഗ്രാഫിക് ചിത്രം ഗൂഗിൾ ഡൂഡിലിൽ നൽകിയാണ് ഗൂഗിൾ ആദരമർപ്പിച്ചിരിക്കുന്നത്.
മലയാള കവിതയിൽ മാതൃത്വത്തിന്‍റെ കുളിർമഴ പെയ്യിച്ച പ്രിയ കവയിത്രിയാണ് നാലപ്പാട്ടെ ബാലാമണിയമ്മ. ആത്മീയതയും ഭക്തിയും സ്‌നേഹവും പ്രകൃതിയുമെല്ലാം മലയാളത്തിന്‍റെ മുത്തശ്ശിയുടെ കവിതകളിൽ നിറഞ്ഞുനിന്നു. പുരുഷകേന്ദ്രീകൃതമായിരുന്ന മലയാള കവിതയിലേക്ക് നിശബ്‌ദയായി കയറിവന്ന് കവിത സ്‌ത്രീയുടെതും കൂടിയാണെന്ന് ബാലാമണിയമ്മ തെളിയിച്ചു.
1909 ജൂലൈ 19ന് തൃശൂർ ജില്ലയിലെ പുന്നയൂർകുളത്താണ് ബാലാമണിയമ്മയുടെ ജനനം. അമ്മാവനും കവിയുമായ നാലപ്പാട്ട് നാരായണ മേനോന്‍റെ ശിക്ഷണത്തിൽ വീട്ടിലായിരുന്നു പഠനം. അതല്ലാതെ ഔപചാരികമായ പരിശീലനമോ വിദ്യാഭ്യാസമോ അമ്മയ്‌ക്ക് ലഭിച്ചിട്ടില്ല. 19-ാം വയസിൽ മാതൃഭൂമി പത്രത്തിന്‍റെ മാനേജിങ് ഡയറക്‌ടറും മാനേജിങ് എഡിറ്ററുമായ വി.എം നായരെ വിവാഹം ചെയ്‌തു. എന്നാൽ വിവാഹത്തിന് ശേഷവും എഴുത്തിന്‍റെ വഴികൾ തനിക്ക് അന്യമല്ലെന്ന് ബാലാമണിയമ്മ തെളിയിച്ചു.
1930ൽ 21-ാം വയസിലാണ് ബാലാമണിയമ്മയുടെ ആദ്യ കവിത 'കൂപ്പുകൈ' എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. കവയിത്രി എന്ന നിലയിൽ ആദ്യ അംഗീകാരം ലഭിക്കുന്നത് കൊച്ചി രാജവംശത്തിന്‍റെ ഭരണാധികാരിയായിരുന്ന പരീക്ഷിത്ത് തമ്പുരാനിൽ നിന്നുമായിരുന്നു.
തുടക്കകാലത്ത് മാതൃത്വത്തെ പറ്റിയും മാതൃസ്‌നേഹത്തെ പറ്റിയും എഴുതിയിരുന്ന അമ്മ, തന്‍റെ എഴുത്തിന്‍റെ രണ്ടാം ഘട്ടത്തിൽ മാനുഷികതയുടെ അന്തഃസംഘർഷങ്ങളും മൂല്യബോധങ്ങളും അവതരിപ്പിച്ചു. മൂന്നാം ഘട്ടമെന്നത് ദാർശനിക ഭാവങ്ങളുടെ ആവിഷ്‌കാരമായിരുന്നു. പിൽക്കാലത്ത് യുദ്ധത്തെ വിമർശിച്ചുകൊണ്ടുള്ള 'മഴുവിന്‍റെ കഥ' എന്ന കവിതയും ബാലാമണിയമ്മയുടെ തൂലികയിൽ നിന്നും പിറവികൊണ്ടു.
സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, പദ്‌മവിഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നാലപ്പാട്ടെ അമ്മയെ തേടിയെത്തി. രാജ്യത്തെ ഏറ്റവും ആദരണീയമായ സാഹിത്യ അവാർഡുകളില്‍ ഒന്നായ സരസ്വതി സമ്മാനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷണും ബാലാമണിയമ്മ സ്വന്തമാക്കി.
അമ്മ (1934), മുത്തശ്ശി (1962), മഴുവിന്‍റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്‌തമായ കൃതികൾ. 2004ലാണ് അൽഷിമേഴ്‌സ് ബാധിതയായി ബാലാമണിയമ്മ അന്തരിക്കുന്നത്. 1984ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട എഴുത്തുകാരി കമല സുരയ്യ ബാലാമണിയമ്മയുടെ മകളാണ്.