അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജസ്റ്റിൻ ബീബർ ഇന്ത്യയില്‍ ഷോയുമായെത്തുന്നു. പുതിയ കളികൾ കാണാനും...ചിലത് പഠിപ്പിക്കാനും. അതെ സന്തോഷത്തിനുള്ള വകയാണ് ബുക്ക്‌മൈഷോ, എഇജി പ്രെസന്‍റ്സ് ഏഷ്യ എന്നീ പ്രൊമോട്ടർമാർ ചൊവ്വാഴ്‌ച ജസ്റ്റിൻ ബീബർ ആരാധകർക്ക് നൽകിയിരിക്കുന്നത്.
തന്‍റെ ജസ്റ്റിസ് വേൾഡ് ടൂറിന്‍റെ ഭാഗമായി പോപ് താരം ജസ്റ്റിൻ ബീബർ ഒക്‌ടോബർ 18ന് ന്യൂഡൽഹിയിലെത്തുന്നു. 30ലേറെ രാജ്യങ്ങളും 125ലധികം ഷോകളുമായി 2022 മെയ് മുതൽ 2023 മാർച്ച് വരെ താരം നടത്തുന്ന വേൾഡ് ടൂർ ഇന്ത്യയിലേക്കും എത്തുകയാണ്. ഇത് രണ്ടാം തവണയാണ് ബേബി, സോറി, ഗോസ്റ്റ്, ലോൺലി തുടങ്ങിയ വിഖ്യാത ട്രാക്കുകളിലൂടെ പ്രശസ്തിയാര്‍ജിച്ച കനേഡിയൻ ഗായകൻ ഇന്ത്യൻ ആരാധകർക്ക് മുൻപിലെത്താൻ പോകുന്നത്.
2017ലാണ് ഇതിനുമുൻപ് ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയിട്ടുള്ളത്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ജസ്റ്റിൻ ബീബറിന്‍റെ ഷോ അരങ്ങേറുക. ഷോയുടെ ടിക്കറ്റുകൾ ജൂൺ നാല് മുതൽ ബുക്ക്‌മൈ ഷോയിൽ ആരാധകർക്ക് ലഭ്യമാകും. ജൂൺ 2ന് പ്രീ-സെയിൽ വിൻഡോ തുറക്കും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ.
ഈ വർഷം ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വേൾഡ് ടൂർ 2023ന്‍റെ തുടക്കത്തിൽ യുകെയിലേക്കും യൂറോപ്പിലേക്കും പോകും. ദുബായ്, ബഹ്‌റൈൻ, സിഡ്‌നി, മനില, ആംസ്റ്റർഡാം, ലണ്ടൻ, ഡബ്ലിൻ എന്നിവിടങ്ങളിലെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.