മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ മാത്യു തോമസ് നായകനായി പുതിയ ചിത്രം വരുന്നു. സഞ്‍ജു വി സാമുവേൽ സംവിധാനം ചെയ്യുന്ന 'കപ്പ്' എന്ന സിനിമയിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ ബേസില്‍ ജോസഫും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് (Cup starring Mathew Thomas and Basil Joseph First look poster Out).
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന മാത്യു തോമസും പിന്നിൽ ബൈക്കിൽ ഇരിക്കുന്ന ബേസിൽ ജോസഫുമാണ് പോസ്റ്ററിൽ. ഗ്രാമാന്തരീക്ഷത്തിൽ പ്രണയവും സൗഹൃദവും എല്ലാം കോർത്തിണക്കി ഒരുക്കുന്ന ചിത്രമാകും കപ്പ് എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ മികച്ച പ്രതികരണമാണ് പോസ്റ്റർ നേടുന്നത്.
വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിന്‍റെ കഥയാണ് 'കപ്പ്' പറയുന്നത്. ബാഡ്‍മിന്‍റണില്‍ ഇടുക്കി ഡിസ്‌ട്രിക്‌ട് വിന്നിംഗ് കപ്പ് നേടാൻ കഠിന ശ്രമം നടത്തുന്ന നിധിനായി മാത്യു തോമസ് എത്തുന്നു. തന്‍റെ സ്വപ്‌നത്തിലേക്ക് ഓരോ പടിയായ മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്‌ക്കൊപ്പം പ്രതിസന്ധികളും നിധിൻ നേരിടുന്നു. എങ്കിലും അവൻ തന്‍റെ ശ്രമം തുടരുകയാണ്.
പ്രതിസന്ധിക്കിയിൽ ചിലർ നിധിന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്‍റെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. നിധിന്‍റെ അടുത്ത സുഹൃത്തും വേണ്ടപ്പെട്ടവനുമാണ് റനീഷ് എന്ന കഥാപാത്രം. ബേസിൽ ജോസഫാണ് റനീഷായി എത്തുന്നത്.
അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. നമിത പ്രമോദും സുപ്രധാന വേഷത്തിൽ ഉണ്ട്. ഗുരു സോമസുന്ദരം, തുഷാര പിള്ള, മൃണാളിനി സൂസ്സൻ ജോർജ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരം അവതരിപ്പിക്കുമ്പോൾ അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസൻ ജോർജും എത്തുന്നു.
അല്‍ഫോണ്‍സ് പുത്രനാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് 'കപ്പ്' എന്ന ഈ സിനിമയ്‌ക്ക്. അനന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംവിധായകൻ സഞ്‍ജു വി സാമുവേലിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും.
അഖിലേഷ് ലതാരാജും ഡെൻസണും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. 'കപ്പി'ന് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. സ്റ്റിൽസ് - സിബി ചീരൻ, പബ്ലിസിറ്റി ഡിസൈനർ - ആനന്ദ് രാജേന്ദ്രൻ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ് എന്നിവരാണ്. തൻസിൽ ബഷീറാണ് 'കപ്പി'ന്‍റെ ചീഫ് അസോസിയേറ്റ് കാമറാമാൻ.