ഹൈദരാബാദ് : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. തെലുഗു വാരിയേഴ്‌സുമായി റായ്‌പൂർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ 64 റണ്‍സിനാണ് കേരള സ്‌ട്രൈക്കേഴ്‌സിന്‍റെ പരാജയം. ടീം നായകന്‍ അഖിൽ അക്കിനേനിയുടെ തകർപ്പൻ ഇന്നിങ്‌സാണ് മത്സരത്തില്‍ തെലുഗു വാരിയേഴ്‌സിനെ വിജയത്തിലെത്തിച്ചത്.
ടോസില്‍ പിഴച്ചു, പിന്നെ വീണു: മത്സരത്തില്‍ ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് മനസിലാക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത തെലുഗു വാരിയേഴ്‌സ് ആദ്യ ഇന്നിങ്‌സിലെ ലീഡ് ഉള്‍പ്പടെ 170 റണ്‍സായിരുന്നു കേരളത്തിന് മുന്നില്‍വച്ച വിജയലക്ഷ്യം. എന്നാല്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് വീശിയ കേരള സ്‌ട്രൈക്കേഴ്‌സിന് അവസാന ഓവറില്‍ നേടേണ്ടിയിരുന്നത് 69 റണ്‍സായിരുന്നു. എന്നാല്‍ ആ ഓവറില്‍ നാല് റണ്‍സ് മാത്രം നേടിയതോടെ കേരളം 64 റണ്‍സിന്‍റെ വമ്പന്‍ പരാജയമേറ്റുവാങ്ങി.
സ്‌റ്റേഡിയം താരസമ്പന്നം : താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗത്ത് ഇൻഡസ്‌ട്രിയിലെ പ്രശസ്‌ത സിനിമാതാരം വെങ്കിടേഷും മത്സരം കാണാൻ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. മാത്രമല്ല മത്സരത്തിന് മുമ്പ് കേരള സ്‌ട്രൈക്കേഴ്‌സിന്‍റെയും തെലുഗു വാരിയേഴ്‌സിന്‍റെയും താരങ്ങള്‍ കഴിഞ്ഞദിവസം അന്തരിച്ച തെലുങ്ക് സിനിമാതാരം നന്ദമുരി താരക രത്‌നയ്ക്ക് ആദരാഞ്ജലികളും അർപ്പിച്ചിരുന്നു.
ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സ് : അഖിൽ അക്കിനേനി (30 പന്തിൽ 91 റൺസ്), പ്രിൻസ് (23 പന്തിൽ 45 റൺസ്) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്‍റെ പിന്‍ബലത്തില്‍ തെലുഗു വാരിയേഴ്‌സ് ഒന്നാം ഇന്നിങ്സിൽ നേടിയത് 154/2 എന്ന കൂറ്റൻ സ്‌കോറാണ്. രണ്ടാം ഇന്നിങ്‌സില്‍ 19 പന്തുകളില്‍ നിന്ന് 63 റണ്‍സ് നേടി അഖിൽ അക്കിനേനി ക്യാപ്‌റ്റന്‍റെ ഇന്നിങ്സ് വീണ്ടും പുറത്തെടുത്തതോടെയാണ് തെലുഗു വാരിയേഴ്‌സിന് വിജയം അനായാസമായത്. മാത്രമല്ല പവര്‍ പ്ലേയിലെ ക്യാപ്‌റ്റന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ 12 പന്തിൽ 25 റൺസ് നേടിയ താരം മൂന്നാമത്തെ ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഏഴ് റൺസുകൂടി അടിച്ചെടുത്തു. ഒന്നാം ഇന്നിങ്സിൽ 91 റൺസും രണ്ടാം ഇന്നിങ്‌സില്‍ 63 റണ്‍സും നേടിയ ക്യാപ്റ്റൻ അഖിൽ അക്കിനേനി കളിയിലെ താരവുമായി.
കേരള സ്‌ട്രൈക്കേഴ്‌സ് നിരയില്‍: ഉണ്ണി മുകുന്ദൻ (ക്യാപ്‌റ്റന്‍), കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹന്‍ നിഖില്‍ കെ.മേനോന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി പെപ്പെ, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണുണ്ടായിരുന്നത്.
തെലുഗു വാരിയേഴ്‌സ് നിരയില്‍: അഖിൽ അക്കിനേനി (ക്യാപ്‌റ്റന്‍), സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദർശ്, നന്ദ കിഷോർ, നിഖിൽ, രഘു, സാമ്രാട്ട്, താരക് രത്ന, തരുൺ, വിശ്വ, പ്രിൻസ്, സുശാന്ത്, കയ്യൂം, ഹരീഷ് എന്നിവരാണുണ്ടായത്.