യൂഡ്‌ളി ഫിലിംസ് നിർമിച്ച് മൃദുൽ നായർ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം 'കാസർഗോൾഡി'ന്‍റെ റിലീസ് തിയതി പുറത്ത്. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സരിഗമയുടെ സിനിമ നിർമാണ കമ്പനിയായ യൂഡ്‌ളിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് 'കാസർഗോൾഡ്'.
ആസിഫ് അലിയ്‌ക്ക് പുറമെ സണ്ണി വെയ്‌ൻ, വിനായകൻ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്‌ത 'പടവെട്ടി'നും ആക്ഷൻ ത്രില്ലർ ചിത്രം 'കാപ്പ'യ്‌ക്കും ശേഷം യൂഡ്‌ളി നിർമിക്കുന്ന 'കാസർഗോൾഡ്' ഒരു കളർഫുൾ യൂത്ത് എന്‍റർടെയ്‌നറായാണ് ഒരുങ്ങുന്നത്.
ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. വിഷ്‌ണു വിജയ്‌യുടെ തകർപ്പൻ ടൈറ്റിൽ ട്രാക്കിന്‍റെ അകമ്പടിയോടെ എത്തിയ 'കാസർഗോൾഡ്' ടീസർ വൻ ഹിറ്റായി ഇതിനോടകം മാറി കഴിഞ്ഞു. ടീസറിൽ സൂചിപ്പിച്ചത് പോലെ വളരെ വ്യത്യസ്‌തമായ ഒരു പ്രമേയത്തെ പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഏറെ രസകരമായ കഥാപാത്രങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു ത്രില്ലർ ആകും കാസർഗോൾഡ്' എന്ന് സരിഗമ ഇന്ത്യയുടെ ഫിലിംസ് & ഇവന്‍റ്‌സ് സീനിയർ വൈസ് പ്രസിഡന്‍റ് സിദ്ധാർഥ് ആനന്ദ് കുമാർ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
'കൊവിഡ് കാലത്തിന് ശേഷം മാറിയ പ്രേക്ഷക അഭിരുചിക്ക് അനുസൃതമായി തിയേറ്റർ എക്‌സ്‌പീരിയൻസിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് കാസർഗോൾഡ്' എന്ന് ആസിഫ് അലി പറയുന്നു. 'കാപ്പ'യ്‌ക്ക് ശേഷം യൂഡ്‌ളി ഫിലിംസ് ആസിഫിനോടൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണ് 'കാസർഗോൾഡ്'.
കൂടാതെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച 'ബി-ടെക്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. 'എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാകും എന്‍റെ നായകന്മാർ. അങ്ങനെ ചിന്തിക്കുമ്പോൾ, ഞങ്ങളുടെ ഇടയിൽ ഉള്ള സൗഹൃദത്തിന്‍റെ ഭാഗമായി സ്വാഭാവികമായും ആസിഫ് എന്‍റെ ആദ്യ ചോയിസായി മാറുന്നതാണ്. ആ ഒരു കെമിസ്‌ട്രി ഈ ചിത്രത്തിലും നല്ല രീതിയിൽ തന്നെ വർക്ക് ആയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,' സംവിധായകൻ മൃദുലിന്‍റെ വാക്കുകൾ ഇങ്ങനെ.
മുഖരീ എന്‍റർടെയ്ൻമെന്‍റ്‌സിന്‍റെ ബാനറിൽ സൂരജ് കുമാറാണ് ഈ ചിത്രത്തിന്‍റെ സഹ നിർമാണം. സിദ്ധിഖ്, മാളവിക ശ്രീനാഥ്, സമ്പത്ത് റാം, ദീപക്, ധ്രുവൻ, അഭിരാം രാധാകൃഷ്‌ണൻ, സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി ആണ്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി ഉൾപ്പടെ അഞ്ചോളം പ്രഗത്ഭ ഫൈറ്റ് മാസ്റ്റേഴേസ് ആണ് എന്നതും കാസർഗോൾഡിന്‍റെ സവിശേഷതയാണ്.
READ ALSO: തോക്കെടുത്ത് ആസിഫും സണ്ണിയും വിനായകനും ; 'കാസർഗോൾഡ്' പ്രദർശനത്തിനൊരുങ്ങുന്നു