പാന്‍ ഇന്ത്യന്‍ സിനിമകള്‍ വലിയ തരംഗമായി കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ദക്ഷിണേന്ത്യയില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതല്‍ പാന്‍ ഇന്ത്യന്‍ പ്രൊജക്ടുകള്‍ പുറത്തിറങ്ങുന്നത്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, അല്ലു അര്‍ജുന്‍റെ പുഷ്‌പ, യഷിന്‍റെ കെജിഎഫ് 2 തുടങ്ങിയവയെല്ലാം അടുത്തിടെ ബോക്സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ ബിഗ് ബജറ്റ് സിനിമകളാണ്.
മറ്റ് ഭാഷകളിലെന്ന പോലെ സൗത്തില്‍ നിന്നുളള പാന്‍ ഇന്ത്യന്‍ സിനിമകളെല്ലാം ഹിന്ദിയിലും വലിയ നേട്ടമാണുണ്ടാക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പാന്‍ ഇന്ത്യ എന്ന പദം അനാദരവായിട്ടാണ് താന്‍ കാണുന്നതെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ഥ് പറയുന്നത്.
'എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത്. തന്‍റെ ബോസ് ആയ മണിരത്നം 30 വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത റോജ എന്ന തമിഴ് സിനിമ ഇന്ത്യ മുഴുവന്‍ കണ്ടതാണ്.
also read : 'അടിച്ചേല്‍പ്പിക്കരുത്' ; ഭാഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് സോനു നിഗം
എന്നാല്‍ അതൊരു പാന്‍ ഇന്ത്യന്‍ ചിത്രമാണെന്ന് ആരും പറഞ്ഞില്ല. റോജ, ബോംബെ എന്നീ സിനിമകളെക്കുറിച്ചും അതാരാണ് നിര്‍മ്മിച്ചതെന്നും നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ. അവരെല്ലാം മണിരത്നം എന്നാണ് പറയുക. അവര്‍ ഒരിക്കലും പാന്‍ ഇന്ത്യ എന്ന് പറയില്ല.
ഇങ്ങനെയുളള സിനിമകള്‍ക്കെല്ലാം പ്രത്യേക വിശേഷണങ്ങളുടെ ആവശ്യമില്ല. അവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കോളും. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണെന്ന് അഭിമുഖത്തില്‍ നടന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയെന്നാണ് പറയേണ്ടത്. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണെന്ന് പരാമര്‍ശിക്കണം - സിദ്ധാര്‍ഥ് വ്യക്തമാക്കി.