മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരം ഷെയിൻ നിഗം കോളിവുഡിലേക്ക്. താരം വേഷമിടുന്ന ആദ്യ തമിഴ് ചിത്രത്തിന്‍റെ പ്രഖ്യാപനമായി. ദുൽഖർ സൽമാനാണ് ഷെയിൻ നിഗത്തിന്‍റെ കോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രേക്ഷകരുമായി പങ്കുവച്ചത്. 'മദ്രാസ്‌കാരൻ' എന്ന ചിത്രത്തിലൂടെയാണ് ഷെയിൻ തമിഴ് സിനിമാസ്വാദകരുടെ ഹൃദയം കവരാൻ ഒരുങ്ങുന്നത്.
വാലി മോഹൻദാസാണ് 'മദ്രാസ്‌കാരൻ' സംവിധാനം ചെയ്യുന്നത്. 'രംഗോലി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ആർജിച്ച സംവിധായകനാണ് വാലി മോഹൻദാസ്. എസ് ആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബി ജഗദീഷ് ആണ് 'മദ്രാസ്‌കാരൻ' നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭമാണിത് (Shane Nigam to make tamil debut with vaali mohan das's Madraskaaran).
കലൈയരശൻ, നിഹാരിക കൊണ്ടേല എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുന്ദരമൂർത്തിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം പ്രസന്ന എസ് കുമാറും നിർവഹിക്കുന്നു.
അതേസമയം ഏറെ രസകരമായ വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ 'മദ്രാസ്‌കാരൻ' സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദുൽഖർ സൽമാൻ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
സംവിധായകൻ ഉൾപ്പെടുന്ന 'മദ്രാസ്‌കരൻ' ടീം ഷെയിനോട് ചിത്രത്തിന്‍റെ കഥ വിവരിക്കുന്നതാണ് അനൗൺസ്‌മെന്‍റ് വീഡിയോയിൽ. തമിഴിൽ ആദ്യമായി അഭിനയിക്കുന്നതിനാൽ തന്നെ നടൻ ശിവാജി ഗണേശൻ, രജനീകാന്ത്, വിജയ് എന്നിവരെ പോലെ ഡയലോഗ് പറയുന്നതും അഭിനയിക്കുന്നതും കാണാം. ഏറെ രസകരമായാണ് അണിയറ പ്രവർത്തകർ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്.
സമകാലിക മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഷെയിൻ നിഗം തമിഴിലേക്കും എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. 'കുമ്പളങ്ങി നൈറ്റ്‌സ്', 'ഓള്' , 'ഇഷ്‌ക്, 'ഭൂതകാലം', 'ആർഡിഎക്‌സ്' തുടങ്ങി മികച്ച ചിത്രങ്ങളിൽ അഭിനയിച്ച ഷെയ്‌നിന്‍റെ വൈവിധ്യമാർന്ന കരിയറിൽ 'മദ്രാസ്‌കരൻ' എന്ന പുതിയ സിനിമയും ഒരു നാഴികക്കല്ലാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പി ആർ ഒ - പ്രതീഷ് ശേഖർ.