ഹൈദരാബാദ്: കെജിഎഫ് എന്ന ചിത്രത്തിലൂടെ വൻ ജനപ്രീതി നേടിയ പ്രശസ്‌ത കന്നഡ നടൻ യാഷ് ഇപ്പോൾ ബോളിവുഡിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള ചുവടുവെയ്‌പ്പെന്ന നിലയിൽ നിതേഷ് തിവാരിയുടെ അടുത്ത പ്രോജക്റ്റായ രാമായണത്തില്‍ അദ്ദേഹം ഔദ്യോഗികമായി സൈൻ അപ്പ് ചെയ്‌തു. 100 കോടിയിലധികം പ്രതിഫലമാണ് ചിത്രത്തിനായി താരം ആവശ്യപ്പെട്ടത് (Yash Demanded Huge Amount).
ഇൻഡസ്ട്രിയില്‍ നിന്ന് പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്, ശ്രീരാമന്‍റെ പ്രതിരൂപമായ കഥാപാത്രത്തെ രൺബീർ കപൂര്‍ അവതരിപ്പിക്കും. അതേസമയം സീതയായി സായ് പല്ലവിയും രാവണന്‍റെ വേഷം അവതരിപ്പിക്കാൻ യാഷിനെയും (Yash as Ravana in Ramayan) തിരഞ്ഞെടുത്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബോളിവുഡിലേക്ക് കടക്കാനുള്ള ഒരു മാർഗമായി താരം ഈ പ്രോജക്റ്റ് ആകാംക്ഷയോടെ സ്വീകരിച്ചതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കെജിഎഫിന്‍റെ മൂന്നാം ഭാഗം നിര്‍മ്മാണത്തിനായി ഉണ്ടെങ്കിലും രാമായണം ഏറ്റെടുക്കാനുള്ള ബോധപൂർവമായ തീരുമാനമാണ് യാഷ് എടുത്തതെന്ന് പറയുന്നു. ചിത്രത്തിലെ തന്‍റെ വേഷത്തിന് 100 മുതൽ 150 കോടി രൂപ വരെയാണ് യാഷ് പ്രതിഫലം ഈടാക്കുന്നതെന്നും ഏറ്റവും കുറഞ്ഞ തുക 100 കോടിയാണെന്നും ഷൂട്ടിങ് ദിവസങ്ങളുടെ എണ്ണവും ഷെഡ്യൂൾ ആവശ്യകതകളും അനുസരിച്ച് അന്തിമ കണക്ക് തീരുമാനിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കെജിഎഫ് 3 നെ സംബന്ധിച്ചിടത്തോളം ചിത്രം 2025 ൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. കെജിഎഫിലെ തന്‍റെ രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ രാമായണത്തിൽ വ്യത്യസ്‌തമായ ഒരു ഭാവം താരം പ്രകടിപ്പിക്കുന്നു. ആവശ്യമുള്ള ശരീരഘടനയെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. യാഷും തന്‍റെ ശരീരഘടനയിൽ തികഞ്ഞ ഒരു മാറ്റം കൊണ്ടുവരാനായി പ്രവർത്തിക്കുന്നു.
കെജിഎഫ് 3യുടെ റിലീസ് അപ്‌ഡേറ്റ്: കെജിഎഫിന്‍റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കെജിഎഫ് 3', 2025ല്‍ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ 2023 ഡിസംബറില്‍ ആരംഭിക്കുമെന്നും ഹോംബാലെ ഫിലിംസ് അറിയിച്ചു. 2018ലാണ് 'കെജിഎഫ്' ആദ്യ ഭാഗം റിലീസ് ചെയ്‌തത്. 'കെജിഎഫ്' റിലീസ് ചെയ്‌തിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഡിസംബര്‍ 21ന് 'കെജിഎഫ് 3' യുടെ റിലീസ് പദ്ധതികള്‍ പുറത്തുവിടുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
കെജിഎഫ് 3 ക്കായി സംവിധായകന്‍, നിര്‍മാതാവ്, നടന്‍ എന്നിവര്‍ ഇതിനോടകം തന്നെ ആദ്യകാല ചര്‍ച്ചകള്‍ നടത്തിയെന്നാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2024 ഒക്ടോബറിൽ ചിത്രീകരണം തുടങ്ങി 2025ൽ കെജിഎഫ് 3യെ തിയേറ്ററുകളിൽ എത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. 2018ല്‍ കെജിഎഫ് ചാപ്റ്റർ 1 റിലീസ് ചെയ്‌ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ൽ കെജിഎഫ് ചാപ്‌റ്റര്‍ 2 റിലീസ് ചെയ്‌തത്. കന്നഡ സൂപ്പര്‍ താരം യാഷിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു 'കെജിഎഫ്' സീരീസ്.