ആനന്ദം സിനിമയിലൂടെ എത്തി മറ്റ് നിരവധി ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച വിശാഖ് നായർ നായകനായി പുതിയ ചലച്ചിത്രം വരുന്നു. നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന 'എക്‌സിറ്റ്' എന്ന സിനിമയിലാണ് വിശാഖ് നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Vishakh Nair Starrer Exit). ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
ഒരു സർവൈവൽ ത്രില്ലറായി (Action survival thriller movie) അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത് (Exit First Look Poster Out). തൊണ്ണൂറുകളാണ് സിനിമയുടെ പശ്‌ചാത്തലം. ഒരു മലയോര ഗ്രാമത്തിലെ ബംഗ്ലാവിൽ രാത്രി അകപ്പെട്ട് പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് 'എക്‌സിറ്റ്' പറയുന്നത്. തീർത്തും സംഭാഷണമില്ലാതെയാണ് ഈ സിനിമ ഒരുങ്ങുന്നത്.
അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്ക് ഉണ്ട്. ബ്ലൂം ഇന്‍റർനാഷണലിന്‍റെ ബാനറിൽ വേണുഗോപാലകൃഷ്‌ണൻ ആണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും 'എക്‌സിറ്റ്' പുറത്തിറങ്ങും.
തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഒരു നടനെന്ന നിലയിൽ തനിക്കേറെ ചലഞ്ചിങ് ആയിരുന്നു 'എക്‌സി'ലെ കഥാപാത്രമെന്ന് നേരത്തെ വിശാഖ് നായർ പറഞ്ഞിരുന്നു. ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട കഥാപാത്രമാണ് 'എക്‌സി'ലേതെന്നും അയാൾക്ക് മനുഷ്യന്മാരുമായി യാതൊരുവിധ ഇന്‍ററാക്ഷനും ഇല്ലെന്നും താരം പറഞ്ഞിരുന്നു.
നവാഗതനായ അനീഷ് ജനാർദ്ദനൻ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിയാസ് നിജാമുദ്ദീൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ നിഷാദ് യൂസഫാണ്. ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്‌ടർ - അമൽ ബോണി, ഡി.ഐ - ജോയിനർ തോമസ്, ആക്ഷൻ - റോബിൻച്ചാ, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.