വരുൺ തേജ് (Varun Tej) ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. താരം നായകനായി എത്തുന്ന 'ഓപ്പറേഷൻ വാലന്‍റൈൻ' (Operation Valentine) എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളില്‍ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.
മാനുഷി ചില്ലർ (Manushi Chhillar) ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇന്ത്യയിലെ ഏറ്റവും വലിയ എയർഫോഴ്‌സ് ആക്ഷൻ ഫിലിം' എന്ന് വിളിക്കപ്പെടുന്ന 'ഓപ്പറേഷൻ വാലന്‍റൈൻ' യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അണിയിച്ചൊരുക്കിയ ചിത്രമാണ്. ഹിന്ദി, തെലുഗു ഭാഷകളിലായി ഒരേസമയം ചിത്രീകരിച്ച സിനിമ കൂടിയാണ് 'ഓപ്പറേഷൻ വാലന്‍റൈൻ'.
പ്രശസ്‌ത പരസ്യ - ചലച്ചിത്ര നിർമാതാവും ഛായാഗ്രാഹകനും വിഎഫ്‌എക്‌സ് വിദഗ്‌ധനുമായ ശക്തി പ്രതാപ് സിങ് ഹദ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'ഓപ്പറേഷൻ വാലന്‍റൈൻ'. സോണി പിക്‌ചേഴ്‌സ് ഇന്‍റർനാഷണൽ പ്രൊഡക്ഷൻസും റെനൈസെൻസ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
![Varun Tej Manushi Chhillar Operation Valentine Varun Tej Manushi Chhillar Operation Valentine Operation Valentine release Operation Valentine release date Operation Valentine release date announced ഓപ്പറേഷൻ വാലന്‍റൈൻ ഓപ്പറേഷൻ വാലന്‍റൈൻ ഡിസംബർ 8 ന് തിയേറ്ററുകളിലേക്ക് ഓപ്പറേഷൻ വാലന്‍റൈൻ ഡിസംബർ 8 ന് ഓപ്പറേഷൻ വാലന്‍റൈൻ വരുന്നു ഓപ്പറേഷൻ വാലന്‍റൈൻ റിലീസ് പ്രഖ്യാപിച്ചു ഓപ്പറേഷൻ വാലന്‍റൈൻ റിലീസ് വരുൺ തേജിനൊപ്പം മാനുഷി ചില്ലർ വരുൺ തേജ് മാനുഷി ചില്ലർ](https://etvbharatimages.akamaized.net/etvbharat/prod-images/15-08-2023/19272796_hhfh.png)
'2023 ഡിസംബർ എട്ടിന്, ആകാശത്ത് ഇന്ത്യയുടെ ഗർജനം പ്രതിധ്വനിക്കുന്നത് കേൾക്കൂ' എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കൾ ചിത്രത്തിന്‍റെ റിലീസ് വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. അതേസമയം ഹിന്ദി ചലച്ചിത്ര രംഗത്തേക്കുള്ള വരുൺ തേജിന്‍റെ ആദ്യ ചുവടുവയ്‌പ്പും ഈ ചിത്രം അടയാളപ്പെടുത്തുന്നു. ഹദ, ആമിർ ഖാൻ, സിദ്ധാർഥ്, രാജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
നേരത്തെ 'VT13' എന്നായിരുന്നു ഈ ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ റിലീസ് തീയതിയും പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ വരുൺ തേജിന്‍റെ ആരാധകർ ഇരട്ടി സന്തോഷത്തിലാണ്. ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍റെ കഥയാണ് ചിത്രം പറയുന്നത്.
2022 സെപ്റ്റംബർ 19നാണ് വരുൺ തേജ് 'ഓപ്പറേഷൻ വാലന്‍റൈൻ' ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 'ഇന്ത്യൻ വ്യോമസേനയുടെ വീര്യം ആഘോഷിക്കുന്ന അതിരുകളില്ലാത്ത ധീരത. ആകാശത്തിലെ യുദ്ധത്തിന് ബിഗ് സ്‌ക്രീനിൽ സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിൽ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
അനിൽ രവിപുടി സംവിധാനം ചെയ്‌ത 'F3: ഫൺ ആൻഡ് ഫ്രസ്‌ട്രേഷൻ' എന്ന ചിത്രത്തിലാണ് വരുൺ തേജ് അവസാനമായി അഭിനയിച്ചത്. ഈ സിനിമയിൽ വെങ്കിടേഷ് ദഗുബാട്ടിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം 2022 ൽ പുറത്തിറങ്ങിയ ചരിത്ര സിനിമ 'സാമ്രാട്ട് പൃഥ്വിരാജി'ന് ശേഷം മാനുഷി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓപ്പറേഷൻ വാലന്‍റൈൻ'. യാഷ് രാജ് ഫിലിംസുമായി ചേർന്ന് മൂന്ന് ചിത്രങ്ങളാണ് മാനുഷിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
വിജയ് കൃഷ്‌ണ ആചാര്യ സംവിധാനം ചെയ്യുന്ന കോമഡി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി'യില്‍ മാനുഷി നായികയായി എത്തും. വിക്കി കൗശലിനൊപ്പമാണ് താരം ഈ ചിത്രത്തില്‍ വേഷമിടുക. ജോൺ എബ്രഹാമിനൊപ്പം , ദിനേശ് വിജ് സംവിധാനം ചെയ്യുന്ന 'ടെഹ്‌റാ'നിലും മാനുഷി മുഖ്യ വേഷത്തില്‍ പ്രത്യക്ഷപ്പെടും.