ബോളിവുഡ് യുവതാരനിരയില്‍ ശ്രദ്ധേയരായ വരുണ്‍ ധവാനും (Varun Dhawan) ജാൻവി കപൂറും (Janhvi Kapoor) ഒന്നിക്കുന്ന ചിത്രമാണ് 'ബവാല്‍'. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നാളെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
നാളെ 12 മണിക്കാണ് ടീസർ റിലീസ്. വരുണ്‍ ധവാനും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ബവാല്‍'. ചിത്രത്തിന്‍റെ റിലീസിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. നേരത്തെ തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു.
എന്നാല്‍ അടുത്തിടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ജൂലൈയില്‍ ആയിരിക്കും വരുണ്‍ ധവാൻ - ജാൻവി കപൂർ ചിത്രത്തിന്‍റെ റിലീസ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരിക്കും ചിത്രം പ്രേക്ഷകർക്കരികില്‍ എത്തുക.
അതേസമയം ചിത്രത്തിന്‍റെ പുതിയ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ജാൻവിയും വരുണുമാണ് ചിത്രത്തില്‍ ഉള്ളത്. ഇരുവരും ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. "തും പ്യാർ കർനേ ദേ തോ തുമേ കിത്‌നാ പ്യാർ കർതേ (എന്നെ സ്നേഹിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുമായിരുന്നു)" എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങൾ ചിത്രം പോസ്റ്റ് ചെയ്‌തത്. നാളെ 12 മണിക്ക് 'ബാവൽ' ടീസർ പുറത്തിറങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം അമര്‍ കൗശിക് സംവിധാനം ചെയ്‌ത 'ഭേഡിയ' എന്ന ചിത്രമാണ് വരുണ്‍ ധവാന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ 'ഭാസ്‍കര്‍' എന്ന കഥാപാത്രമായാണ് വരുണ്‍ ധവാൻ അവതരിപ്പിച്ചത്.
ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് ദിനേശ് വിജ് ആണ് 'ഭേഡിയ' നിര്‍മിച്ചത്. 2018 ൽ പുറത്തിറങ്ങിയ 'സ്‌ത്രീ', 2021ലെ 'രൂഹി' എന്നിവയ്‌ക്ക് പിന്നാലെ ഹൊറര്‍ - കോമഡി വിഭാഗത്തില്‍ ദിനേശ് വിജിന്‍റെ മൂന്നാം ചിത്രമായിരുന്നു 'ഭേഡിയ'. ജിയോ സ്റ്റുഡിയോസാണ് ചിത്രം വിതരണം ചെയ്‌തത്. സച്ചിൻ - ജിഗാര്‍ എന്നിവർ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ജിഷ്‍ണു ഭട്ടചാര്‍ജി ആയിരുന്നു. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരാണ് 'ഭേഡിയ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
READ ALSO: രണ്‍ബീറിന്‍റെ ആനിമൽ റിലീസില്‍ മാറ്റം ; സംവിധായകന്‍റെ സ്ഥിരീകരണ വീഡിയോ പുറത്ത്
അതേസമയം 'മിലി' എന്ന ത്രില്ലർ ചിത്രത്തിലാണ് ജാൻവി കപൂർ അവസാനമായി അഭിനയിച്ചത്. റൂഹി, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, ഗോസ്റ്റ് സ്റ്റോറീസ്, ഗുഡ്‌ലക്ക് ജെറി തുടങ്ങിയ ചിത്രങ്ങളിലാണ് താരം മുൻപ് വേഷമിട്ടത്. ഇഷാൻ ഖട്ടറിനൊപ്പം 'ധടക്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവിയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദോസ്‌താന 2, മിസ്റ്റർ ആൻഡ് മിസിസ് മഹി എന്നിവ ഇതില്‍ ഉൾപ്പെടും. കൂടാതെ ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിലും ജാൻവി പ്രധാന വേഷത്തിലെത്തുന്നുണ്ട്.