തിരുവനന്തപുരം: 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടും സൈബർ അക്രമണങ്ങളോടും പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വിമർശനങ്ങൾക്കിടയിൽ നല്ലൊരു തിരക്കഥയാണ് ആരും ശ്രദ്ധിക്കാതെ പോയതെന്ന് നടന്‍ പറഞ്ഞു. ഉണ്ണിമുകുന്ദന്‍റെ 'ഷെഫീഖിന്‍റെ സന്തോഷം' എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
'മേപ്പടിയാൻ റിലീസിന് ശേഷം സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നല്‍കാൻ തുടങ്ങിയാൽ അതിനെ സമയമുണ്ടാകൂ. 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം തനിക്ക് കേരളം ഫിലിം ക്രിട്ടിക്‌സ്, ജെസി ഡാനിയേൽ പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചു. എന്നാൽ വിമർശനങ്ങൾക്കിടയിൽ നല്ലൊരു തിരക്കഥ ആരും ശ്രദ്ധിക്കാതെ പോയതിൽ വിഷമമുണ്ട്.'-ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിച്ച് താരം തന്നെ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഷെഫീഖിന്‍റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്.
'ഷെഫീഖിന്‍റെ സന്തോഷം' എന്ന സിനിമയെ കുറിച്ചും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. താൻ ഇതുവരെ ചെയ്യാത്ത എന്നാൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മൂലക്കുരു (പൈൽസ്) എന്ന അസുഖം നേരിടുന്ന ഷെഫീഖ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, അനീഷ് രവി, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുക.
'ഷെഫീഖിന്‍റെ സന്തോഷം' ട്രെയിലർ ലോഞ്ച് ഇന്ന് വൈകിട്ട് 6.30ന് ലുലു മാളിൽ നടക്കും. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 'എ ഫണ്‍ റിയലസ്‌റ്റിക് മൂവി' എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്, ഡോക്‌ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, ഉണ്ണിമുകുന്ദന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം.
Also Read: ഒട്ടകപ്പുറത്തേറി ഉണ്ണി മുകുന്ദന്‍; വൈറല്‍ ചിത്രം പങ്കുവച്ച് താരം