മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ വസതിയില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കള്‍ പിടിയില്‍. ഷാരൂഖിന്‍റെ മുംബൈയിലുള്ള മന്നത്ത് ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയ യുവാക്കളെയാണ് സുരക്ഷ ഗാര്‍ഡുകള്‍ പിടികൂടിയത്. പുറത്തെ മതില്‍ ചാടിക്കടന്ന് ബംഗ്ലാവിന്‍റെ കോമ്പൗണ്ടില്‍ പ്രവേശിച്ച യുവാക്കളെ ഗാര്‍ഡുകള്‍ പിടികൂടുകയായിരുന്നു.
പിടികൂടിയ യുവാക്കളെ മുംബൈ പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പഠാന്‍ നായകനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അതിനാലാണ് ബംഗ്ലാവില്‍ എത്തിയതെന്നും യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. 20നും 22നും ഇടയില്‍ പ്രായം വരുന്ന യുവാക്കള്‍ ഗുജറാത്ത് സ്വദേശികളാണ്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ഇവര്‍ക്കെതിരെ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തതായി മുംബൈ പൊലീസ് അറിയിച്ചു.
നാലു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് ഖാനെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിച്ച പഠാന്‍ ബോക്‌സോഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്. ബോക്‌സോഫിസില്‍ 1000 കോടി പിന്നിടാന്‍ ചിത്രത്തിന് സാധിച്ചു. റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങള്‍ നേരിട്ട ചിത്രത്തെ പക്ഷേ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത പഠാനില്‍ ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങളായ ജവാന്‍, ഡങ്കി എന്നിവയ്‌ക്കുള്ള തയാറെടുപ്പിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍.
ടൈഗര്‍ 3ല്‍ കിങ് ഖാനെ കാണാന്‍ ആരാധകര്‍: അതേസമയം പഠാന്‍റെ ചരിത്ര നേട്ടത്തിന് പിന്നാലെ ടൈഗര്‍ 3 തിയേറ്ററില്‍ എത്താനായി കാത്തിരിക്കുകയാണ് കിങ് ഖാന്‍ ആരാധകര്‍. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ടൈഗര്‍ 3ന്‍റെ പ്രത്യേകത. ഇരു താരങ്ങളും ഒന്നിച്ചെത്തുന്നത് പ്രേക്ഷകര്‍ക്ക് വിസ്‌മയമാകും എന്നതില്‍ സംശയമില്ല. സല്‍മാന്‍ ഖാനെ നായകനാക്കി മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈഗര്‍ 3. സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം ഏഴ് ദിവസം മുംബൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഠാന്‍റെ വിജയത്തിന് പിന്നാലെ ബോളിവുഡ് ബാദുഷ പ്രത്യക്ഷപ്പെടുന്ന ടൈഗര്‍ 3നെ കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുണ്ടാകുക. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ടൈഗര്‍ 3നെ മികച്ച ദൃശ്യാനുഭവം ആക്കാനുള്ള വിപുലമായ പദ്ധതികളാണ് തങ്ങള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രേക്ഷകര്‍ക്കായി നിരവധി സര്‍പ്രൈസുകള്‍ കാത്തുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പഠാനില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. സല്‍മാന്‍റെ അതിഥി വേഷം തിയേറ്ററില്‍ ഏറെ കൈയടി നേടുകയും ചെയ്‌തിരുന്നു. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഇതിനു മുമ്പും സ്‌ക്രീന്‍ സ്‌പേസ് പങ്കുവച്ചിട്ടുണ്ട്. കുച്ച് കുച്ച് ഹോതാ ഹേ, കരണ്‍ അര്‍ജുന്‍, ഹം തുംഹാരെ ഹേ സനം എന്നീ സിനിമകളില്‍ താരങ്ങള്‍ ഒന്നിച്ചെത്തിയിരുന്നു. ടൈഗര്‍ 3 ദീപാവലി റിലീസായി തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലും ടൈഗര്‍ തിയേറ്ററുകളില്‍ എത്തും.