സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് രവി തേജ നായകനായി എത്തുന്ന 'ടൈഗര്‍ നാഗേശ്വര റാവു' (Ravi Teja in Tiger Nageswara Rao). അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നത്. 'ഏക് ദം ഏക് ദം' (Ek Dum Ek Dum) എന്ന ഈ ഗാനം മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും റിലീസിനായി ഒരുങ്ങുകയാണ്.
നാളെ (സെപ്റ്റംബര്‍ 21) 'ടൈഗര്‍ നാഗേശ്വര റാവു'വിലെ 'വീട്' എന്ന രണ്ടാമത്തെ ഗാനം പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് (Tiger Nageswara Rao Second Single 'Veedu'). 'ഏക് ദം ഏക് ദം' സൂപ്പർ ഹിറ്റായി മാറിയതിനാൽ ഏറെ പ്രതീക്ഷയോടെ, ചിത്രത്തിലെ പുതിയ പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ഗാനത്തില്‍ റൊമാന്‍റിക് പരിവേഷത്തിലായിരുന്നു ടൈഗറെങ്കിൽ പുതിയ ഗാനത്തില്‍ മാസായാകും ടൈഗർ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന (Massy Side Of Tiger Nageswara Rao can be seen).
ശൗര്യമേറിയ ഭാവത്തില്‍ തീക്ഷ്‌ണമായ നോട്ടം പ്രേക്ഷകരിലേക്കെറിയുന്ന രവി തേജയെയാണ് ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപന പോസ്റ്ററില്‍ കാണാനാവുക. യുദ്ധത്തിന്‍റെ പ്രതീതി ഉണർത്തുന്ന ചുറ്റുപാടിൽ, ചുണ്ടില്‍ ഒരു ബീഡിയുമായി നിൽക്കുന്ന രവി തേജയുടെ പിറകിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നവരെയും കാണാം. നാളെ പ്രേക്ഷകരെ പിടിച്ചുകുലുക്കും വിധം മാസ് ലുക്കിലായിരിക്കും രവി തേജ എത്തുക എന്നുറപ്പ്.
വംശിയാണ് 'ടൈഗര്‍ നാഗേശ്വര റാവു' എന്ന ഈ പാൻ ഇന്ത്യൻ സിനിമയുടെ സംവിധായകൻ. മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ കാൻവാസിൽ ചിത്രങ്ങള്‍ ഒരുക്കാറുള്ള അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ടൈഗര്‍ നാഗേശ്വര റാവു നിര്‍മിക്കുന്നത്. 'കശ്‌മീര്‍ ഫയല്‍സ്', 'കാര്‍ത്തികേയ 2' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിർമിക്കുന്ന സിനിമ കൂടിയാണ് 'ടൈഗര്‍ നാഗേശ്വര റാവു'.
രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ നിർമിച്ച ചിത്രമാണിത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന 'ടൈഗര്‍ നാഗേശ്വര റാവു' രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രവുമാണ്. ആഗോള തലത്തില്‍ ആകര്‍ഷണീയമായ കഥയും പശ്ചാത്തലവും ആയതിനാൽ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാൻ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
1970കളാണ് ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രമായ 'ടൈഗര്‍ നാഗേശ്വര റാവു' പശ്ചാത്തലമാക്കുന്നത്. ഒക്ടോബര്‍ 20ന് ദസറ ആഘോഷത്തോടനുബന്ധിച്ച് ലോകമെമ്പാടും റിലീസിനെത്തുന്ന ചിത്രത്തിൽ നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാർ. അനുപം ഖേറും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്.
മായങ്ക് സിന്‍ഘാനിയ സഹനിർമാതാവായ ഈ ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസയാണ്. ഛായാഗ്രഹണം ആർ മദിയും സംഗീത സംവിധാനം ജി വി പ്രകാശ് കുമാറും നിർർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പിആര്‍ഒ - ആതിര ദില്‍ജിത്ത്.