തനിക്ക് ഹൃദയാഘാതമുണ്ടായെന്നും തുടര്‍ന്ന് ആന്‍ജിയോപ്ലാസ്‌റ്റി ചെയ്യേണ്ടി വന്നെന്നുമുള്ള ബോളിവുഡ് സൂപ്പര്‍താരവും മുന്‍ വിശ്വസുന്ദരി കൂടിയുമായ സുസ്മിത സെന്നിന്‍റെ വെളിപ്പെടുത്തലിനെ ആരാധകര്‍ ഞെട്ടലോടെയാണ് നോക്കി കണ്ടത്. എന്നാല്‍, ആരാധകര്‍ക്ക് ആശ്വസമായിരിക്കുകയാണ് താരത്തിന്‍റെ ഇന്‍സ്‌റ്റഗ്രാമിലെ ലൈവിലുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അസുഖം ഭേദമായി ജീവിതത്തിലേയ്‌ക്ക് തിരികെ വരുകയാണ് എന്ന പുതിയ വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
നന്ദി അറിയിച്ച് സുസ്മിത: കൃത്യസമയത്ത് തന്നെ ആവശ്യമായ ചികിത്സ നല്‍കി ജീവിതത്തിലേയ്‌ക്ക് തിരികെയെത്തിച്ച ഡോക്‌ടര്‍മാര്‍ക്കും നടി ലൈവ് വീഡിയോയില്‍ നന്ദി അറിയിച്ചു. തനിക്ക് സ്‌നേഹവും ഊര്‍ജവും പകര്‍ന്ന ആരാധകരോടും ഫോളോവേഴ്‌സിനോടും താരം നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു. ലൈവ് വീഡിയോ പങ്കുവെച്ചത് താന്‍ ജീവിതത്തിലേയ്‌ക്ക് തിരികെയെത്തുകയാണെന്നും തന്‍റെ ഡോക്‌ടര്‍ അനുവദിച്ചാല്‍ താന്‍ ആര്യ 3 സെറ്റിലേയ്‌ക്ക് മടങ്ങുമെന്നും ആരാധകരെ അറിയിക്കാനായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
ഫിറ്റനസില്‍ അതീവ താല്‍പാര്യം പ്രകടിപ്പിച്ചിരുന്നല വ്യക്തിയാണ് സുസ്മിത സെന്‍. ശാരീരിക പരിശീലനം നേടുന്ന നിരവധി വീഡിയോകളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കാറുള്ളത്. മാത്രമല്ല, ഫിറ്റ്നസ് നിലനിര്‍ത്താന്‍ താരം ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.
ജീവിതത്തിലേയ്‌ക്ക് തിരികെയെത്താന്‍ സഹായകമായത് വ്യായാമം: എന്നാല്‍, സുസ്മിത സെന്നിന് ഹൃദയാഘാതം പിടിപെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ജിമ്മില്‍ പോകുന്നതോ വര്‍ക്കൗട്ട് ചെയ്യുന്നതോ വഴി യാതൊരു ഗുണവുമില്ല എന്ന് നിരവധി പേര്‍ ആരോപിച്ചിരുന്നു. ജീവിതത്തിലേയ്‌ക്ക് തിരികെയെത്താന്‍ ഗുണം ചെയ്‌തത് തന്‍റെ ചിട്ടയായ ജീവിതശൈലിയും വ്യായാമവുമാണെന്ന് താരം വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തി.
എന്നാല്‍, സുസ്മിത സെന്നിന് ആദ്യം സംഭവിച്ച ഹൃദയാഘാതത്തെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. താന്‍ കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയികൊണ്ടിരിക്കുമ്പോള്‍ തന്‍റെ സ്വകാര്യത കാത്തുസൂക്ഷിച്ച 'ആര്യ 3' എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് രാം മാധവാനിക്കും അദ്ദേഹത്തിന്‍റെ ഭാര്യ അമിത മാധവാനിക്കും താരം നന്ദി അറിയിച്ചു. രാജസ്ഥാനിലെ 'ആര്യ 3' സെറ്റിലേയ്‌ക്ക് ഉടനടി മടങ്ങുമെന്ന് താരം വാഗ്‌ദാനം ചെയ്‌തു.
എത്രയും വേഗം സുഖമാകാന്‍ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇന്‍സ്‌റ്റഗ്രാമില്‍ കമന്‍റുമായി എത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു താരം തന്‍റെ ആരോഗ്യ നില സംബന്ധിച്ച വാര്‍ത്തകള്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഏവരും ആരോഗ്യം പരിപാലിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശവും താരം വീഡിയോയിലൂടെ പങ്കുവെച്ചു.
'ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്‌റ്റി ചെയ്‌തു. സ്‌റ്റെന്‍റ് സ്ഥാപിച്ചു. വലിയ ഹൃദയാഘാതമാണ് ഉണ്ടായിരിക്കുന്നത് എന്ന് കാര്‍ഡിയോളജിസ്‌റ്റ് സ്ഥിരീകരിച്ചതായും' താരം ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ കുറിച്ചു.
രാജ്യത്തിന്‍റെ ആദ്യ വിശ്വസുന്ദരി: 1994 വര്‍ഷത്തിലായിരുന്നു ബോളിവുഡ് താരമായ സുസ്മിത സെന്‍ വിശ്വസുന്ദരി പട്ടം സ്വന്തമാക്കുന്നത്. ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളിക്കൊണ്ടാണ് സുസ്മിത ഫെമിന മിസ് ഇന്ത്യ കിരീടം നേടിയത്. വിശ്വ സുന്ദരി പട്ടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും താരത്തിനാണ്.
രാജീവ് ഗാന്ധി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് സുസ്മിത. 'ദസ്‌തക്' എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയരംഗത്തേയ്‌ക്ക് അരങ്ങേറ്റം കുറിച്ചത്. നിലവില്‍ 'ആര്യ 3' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണ് താരം.