സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന എസ്‌ജി 255 എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ 255ആമത് ചിത്രമാണിത്. എസ്‌ജി 255 എന്ന് താത്ക്കാലിക പേരിട്ട ചിത്രം നിര്‍മിക്കുന്നത് കോസ്‌മോസ് എന്‍റര്‍ടെമെന്‍റ്സ് ആണ്.
'സത്യം എപ്പോള്‍ ജയിക്കും' എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇറക്കിയത്. സാമൂഹ്യ, കുടുംബ പശ്ചാത്തലമാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. ഡല്‍ഹി, ജയ്‌പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലോക്കേഷനുകള്‍.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സുരേഷ് ഗോപിയുടെ വമ്പന്‍ തിരിച്ച് വരവിനാണ് സിനിമ ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത് . ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത സുരേഷ് ഗോപിയുടെ ചിത്രമാണ് 'മേ ഹൂം മൂസ'.
തികച്ചും ഫാമിലി എന്‍റെര്‍ടൈമെന്‍റായ ചിത്രമായ മേ ഹൂം മൂസക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. രണ്ടാം വരവിന് ശേഷമുള്ള സുരേഷ് ഗോപിയുടെ മുഴുവന്‍ ചിത്രങ്ങളും മികച്ച വിജയമാണ്. വരനെ ആവശ്യമുണ്ട്, കാവല്‍, പാപ്പന്‍ തുടങ്ങിയവയാണ് രണ്ടാം വരവിന് ശേഷമുള്ള മികച്ച ചിത്രങ്ങള്‍.
പുതുതായി പ്രഖ്യാപനം നടത്തിയ എസ്‌ജി 255 മികച്ച വിജയമായിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍, ജയരാദ് സംവിധാനം ചെയ്യുന്ന ഹൈവെ2 എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.