ഇന്ത്യന്‍ സിനിമ കണ്ട ഇതിഹാസ നടന്മാരിൽ ഒരാളാണ് രജനികാന്ത്. ദക്ഷിണേന്ത്യന്‍ സിനിമയെ വിദേശ രാജ്യങ്ങളിലടക്കം സുപരിചിതമാക്കിയ, പുതിയ വാതായനങ്ങൾ തുറന്ന് നൽകിയ നടന്‍. ഇന്ന് (ഡിസംബർ 12) തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്തിന്‍റെ 73-ാം പിറന്നാളാണ് (Superstar Rajinikanth turns 73). സൂപ്പർ സ്റ്റാറിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും പ്രിയപ്പെട്ടവരും.
5 പതിറ്റാണ്ടുകളായി സിനിമാലോകത്ത് സജീവമാണ് രജനി. എണ്ണിയാലൊടുങ്ങാത്ത ചലച്ചിത്രങ്ങളിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്കും ലക്ഷോപലക്ഷം മനുഷ്യരുടെ മനസുകളിലേക്കും കുടിയേറാൻ രജനിയ്‌ക്ക് കഴിഞ്ഞു. പതിറ്റാണ്ടുകൾക്കിപ്പുറവും ആ 'രജനി ഇഫക്‌ടി'ന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. രജനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ജയിലർ' സിനിമയുടെ സ്വീകാര്യതയും ബോക്‌സ് ഓഫിസ് പ്രകടനവും മാത്രം മതി ഇക്കാര്യം ഉറപ്പിക്കാൻ.
രജനിയുടെ ഒരു കൈഞൊടിയിൽ പോലുമുണ്ട് സ്റ്റൈൽ. നടപ്പിലും ഇരിപ്പിലും എന്തിനേറെ സിഗരറ്റ് വായുലേക്കെറിഞ്ഞ് വായ്ക്കുള്ളിലാക്കി വലിക്കുന്നതിലുമുണ്ട് രജനിയ്‌ക്ക് മാത്രം സ്വന്തമായ ആ സ്റ്റൈൽ. ആരും അനുകരിക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ ആർക്കും അത്രയെളുപ്പം അനുകരിക്കാൻ കഴിയാത്ത രജനി സ്റ്റൈലിന് ഇന്നും തിയേറ്ററുകളിൽ ഉത്സവപ്രതീതി സൃഷ്‌ടിക്കാനുള്ള കരുത്തുണ്ട്.
ഇന്ത്യയിലെ വിലപിടിപ്പുള്ള താരമായും ഒരു ബ്രാൻഡായി തന്നെയും മാറാൻ രജനിയ്‌ക്ക് അധിക കാലം വേണ്ടി വന്നില്ല. ആരാധകർക്ക് എളുപ്പം റിലേറ്റ് ചെയ്യാൻ കഴിയുന്ന, തങ്ങളിലൊരാളെന്ന് തോന്നിപ്പിക്കും വിധമുള്ള കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയുമാണ് അദ്ദേഹം ആരാധകരുടെ 'തലൈവരാ'യി സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ച രജനി ചെറിയ തുടക്കത്തിൽ നിന്ന് ഐതിഹാസിക പദവിയിലേക്ക് ഉയർന്നുവന്ന അപൂർവം നടന്മാരിൽ ഒരാളാണ്.
'നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറ് തടവൈ സൊന്ന മാതിരി...', 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ...', 'സീവീടുവേൻ...', 'ആണ്ടവൻ ശൊൽറാൻ അരുണാചലം മുടിക്കിറാൻ...', 'ഏൻ വഴി തനി വഴി...' രജനി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ പഞ്ച് ഡയലോഗുകളും അനേകമാണ്.
1950 ഡിസംബർ 12ന് ബെംഗളൂരുവിലാണ് ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന രജനികാന്തിന്‍റെ ജനനം. ഒരു മറാത്തി പൊലീസ് കോൺസ്റ്റബിളിന്‍റെ മകനായ അദ്ദേഹത്തിന്‍റെ ബാല്യ - കൗമാരങ്ങളിലെല്ലാം ദാരിദ്ര്യവും ഒപ്പമുണ്ടായിരുന്നു. അതിജീവനത്തിന് ബസ് കണ്ടക്ടർ ഉൾപ്പടെയുള്ള ജോലികൾ ചെയ്‌ത ശിവാജി റാവു ഗെയ്‌ക്‌വാദ് സൂപ്പർ സ്റ്റാർ രജനീകാന്ത് ആയി വളർന്നതിന് പിന്നിൽ സിനിമയെ വെല്ലുന്ന അനുഭവങ്ങളുടെ കുത്തൊഴുക്കുണ്ട്.
1975 ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'അപൂർവരാഗങ്ങൾ' എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് രജനി വെള്ളിത്തിരയിലെത്തുന്നത്. കരിയറിന്‍റെ തുടക്കത്തിൽ, വാണിജ്യ - ക്ലാസിക് സിനിമകളിൽ രജനികാന്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 'മുള്ളും മലരും, അപൂർവ രാഗങ്ങൾ, തില്ലു മുള്ളു, പതിനാറു വയതിനിലെ' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. വില്ലനിൽ നിന്നും മാറി നായക വേഷങ്ങൾ കിട്ടിത്തുടങ്ങിയതോടെ ആരാധകരുടെ സിരകളിൽ ഒരു വികാരമായി കത്തിക്കയറി രജനി.
തൊണ്ണൂറുകളിലെ 'ദളപതി, മന്നന്‍, പടയപ്പ, മുത്തു, ബാഷ, അരുണാചലം' തുടങ്ങിയ ചിത്രങ്ങളും പിന്നീടെത്തിയ 'ശിവാജി, യന്തിരൻ, കബാലി, പേട്ട, ദർബാർ' എന്നിവയുമെല്ലാം ആരാധകര്‍ക്ക് ആവേശമായി. ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും രജനി സിനിമയ്‌ക്ക് സ്വന്തമാണ്. 1995ല്‍ പുറത്തിറങ്ങിയ 'മുത്തു' ആണ് ഈ നേട്ടം കൊയ്‌തത്. 'ഹം' പോലുള്ള സൂപ്പർഹിറ്റുകളിലൂടെ ബോളിവുഡിലും 'ബ്ലഡ് സ്റ്റോൺ' എന്ന സിനിമയിലൂടെ ഹോളിവുഡിലും രജനി തന്‍റെ സാന്നിധ്യമറിയിച്ചു. മലയാളത്തിലും രജനി അതിഥി വേഷത്തിൽ എത്തിയിരുന്നു. 1979ലെ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന സിനിമയിൽ കമറുദ്ദീൻ ആയാണ് രജനി വേഷമിട്ടത്.
'ബോക്‌സ് ഓഫിസ് കിംഗ്' എന്നാണ് സിനിമാലോകം രജനിയെ വാഴ്‌ത്തുന്നത്. നിരവധി ബോക്‌സ് ഓഫിസ് റെക്കോർഡുകൾ അദ്ദേഹം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. രജനി ചിത്രം 'യെന്തിരൻ 2.0' ബോക്‌സ് ഓഫിസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകളിലൊന്നാണ്. തുടർച്ചയായി ഇൻഡസ്‌ട്രി ഹിറ്റുകൾ നൽകിക്കൊണ്ട്, എപ്പോൾ വേണമെങ്കിലും ബോക്‌സ് ഓഫീസിൽ കത്തിക്കയറാൻ തനിക്കാകുമെന്ന് രജനി തെളിയിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ 'ജയില'റും ബോക്‌സ് ഓഫിസിൽ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. 600 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം തമിഴ് സിനിമയുടെ ഭൂമികയെ തന്നെ മാറ്റിമറിച്ചു. ഇതോടെ രണ്ട് തമിഴ് ചിത്രങ്ങളും 500 കോടിയിലധികം കളക്ഷൻ നേടിയ ഏക തെന്നിന്ത്യൻ നടനായി രജനികാന്ത്.
തന്‍റെ 73-ാം വയസിലും ആരാധകർക്കുമുന്നിൽ പുതിയൊരവതാരമായി പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ് രജനികാന്ത്. പ്രായം തളർത്താത്ത കരുത്തുമായി അദ്ദേഹം സിനിമാസെറ്റുകളിലേക്കുള്ള യാത്ര തുടരുന്നു. നിരവധി സിനിമകളാണ് രജനിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. രജനിയുടെ ആ സ്റ്റൈലൻ നടത്തവും പഞ്ച് ഡയലോഗുകളും വീണ്ടും അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും.
READ ALSO: Jailer Milestones ജയിലർ നാഴികക്കല്ലുകൾ: രജനികാന്ത് ചിത്രത്തിന്‍റെ 16 ബോക്‌സോഫിസ് റെക്കോഡുകൾ