Rajamouli praises Kantara: നിരവധി റെക്കോഡുകള്‍ തീര്‍ത്ത ബോക്‌സോഫിസ് ഹിറ്റ് ചിത്രമാണ് 'കാന്താര'. ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് പാത്രമായിരുന്നു. ഇപ്പോഴിതാ 'കാന്താര' കണ്ട ശേഷമുള്ള ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ വാക്കുകളാണ് മാധ്യമ ശ്രദ്ധ നേടുന്നത്.
'വലിയ ബജറ്റുകള്‍ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് 'കാന്താര' വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. 'കാന്താര' പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാന്‍ കഴിയും. പ്രേക്ഷകര്‍ എന്ന നിലയില്‍ ഇത് ആവേശകരമായ കാര്യമാണ്. പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്', രാജമൗലി പറഞ്ഞു.
കര്‍ണാടകയിലെ പരമ്പരാഗത നൃത്തമായ ഭൂത കോല ആയിരുന്നു 'കാന്താര'യുടെ പ്രധാന ആകര്‍ഷണം. സംവിധായകന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും. കൂടാതെ കിഷോര്‍, അച്യുത് കുമാര്‍, സപ്‌തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, സ്വരാജ് ഷെട്ടി, നവീന്‍ ഡി പടീല്‍, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
ഋഷഭ് ഷെട്ടി സംവിധാനവും രചനയും നിര്‍വഹിച്ച സിനിമ കന്നഡയില്‍ സെപ്‌റ്റംബര്‍ 30നും ഹിന്ദിയില്‍ ഒക്‌ടോബര്‍ 14നുമാണ് റിലീസ് ചെയ്‌തത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമയുടെ മലയാളം പതിപ്പ് കേരളത്തിലെത്തിച്ചത്. ബോക്‌സോഫിസില്‍ 400 കോടിയിലധികം കലക്ഷന്‍ നേടിയ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയിരിക്കുന്നത്.