SS Rajamouli confirms RRR 2: ബ്രഹ്മാണ്ഡ ചിത്രം 'ആര്ആര്ആറി'ന് രണ്ടാം ഭാഗം വരുന്നു. സംവിധായകന് രാജമൗലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിക്കാഗോയില് ഒരു പരിപാടിയില് പങ്കെടുക്കവെയാണ് രാജമൗലിയുടെ വെളിപ്പെടുത്തല്. 'ആര്ആര്ആര്' പ്രദര്ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണിപ്പോള് രാജമൗലി.
RRR sequel: പരിപാടിയില് പങ്കെടുക്കുന്നതിനിടെ 'ആര്ആര്ആറി'ന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദ്യങ്ങള് ഉയര്ന്നിരുന്നു. കഥയെ പറ്റിയുള്ള ചില ചര്ച്ചകള് നടക്കുന്നുണ്ടെന്നും സീക്വല് നിര്മിക്കാനുള്ള പ്ലാനുകളുണ്ടെന്നും രാജമൗലി വ്യക്തമാക്കി.
'എന്റെ എല്ലാ സിനിമകള്ക്കും അച്ഛന് വിജയേന്ദ്രപ്രസാദാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'ആര്ആര്ആര് 2'നെ കുറിച്ചുള്ള ചര്ച്ചയിലാണ് ഞങ്ങള്. രണ്ടാം ഭാഗത്തിനായി അദ്ദേഹം ജോലി തുടങ്ങിക്കഴിഞ്ഞു. അച്ഛനൊപ്പം കഥയുടെ പണിപ്പുരയിലാണ്' - രാജമൗലി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറമെ ജപ്പാനിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജപ്പാന് ബോക്സ് ഓഫിസില് പ്രഭാസിന്റെ 'സാഹോ'യുടെ റെക്കോഡിനെയും 'ആര്ആര്ആര്' തകര്ത്തെറിഞ്ഞിരുന്നു. ആദ്യദിനം 1.06 കോടി രൂപ നേടിയാണ് 'ആര്ആര്ആര്' ചരിത്രം കുറിച്ചത്.
Also Read: ജപ്പാനില് നിന്നൊരു ആർആർആർ ക്ലിക്ക്; വിദേശ റിലീസിന്റെ നിറവില് താരങ്ങള്
രാം ചരണ്, ജൂനിയര് എന്ടിആര്, ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ശ്രേയ ശരണ് തുടങ്ങിയവര് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫിസ് കലക്ഷന് 1200 കോടിയോളമാണ്. 2022ലെ ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന് ചിത്രം കൂടിയായിരുന്നു 'ആര്ആര്ആര്'.