വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കന്‍'. സിനിമയുടെ ഏറ്റവും പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും, ശ്രീനിവാസനും, ഷൈന്‍ ടോം ചാക്കോയുമാണ് പോസ്‌റ്ററില്‍.
പൊലീസ് തൊപ്പിയണിഞ്ഞ വിനീതിന്‍റെ മുഖമാണ് പോസ്‌റ്ററിലുള്ളത്. പൊലീസ് തൊപ്പിക്കൊപ്പം ഒരു കറുത്ത കൂളിങ് ഗ്ലാസും വിനീത് ധരിച്ചിട്ടുണ്ട്. വിനീതിന്‍റെ കൂളിങ് ഗ്ലാസില്‍ ശ്രീനിവാസനെയും ഷൈന്‍ ടോം ചാക്കോയേയും കാണാം.
കൊച്ചിയിലായിരുന്നു 'കുറുക്കന്‍റെ' ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങ് ആരംഭിച്ച 'കുറുക്കന്‍റെ' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ സെറ്റില്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. ലോക്‌നാഥ് ബഹ്‌റ ഐപിഎസ് ആണ് സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. സംവിധായകന്‍ എം മോഹനന്‍ ഫസ്‌റ്റ് ക്ലാപ്പടിച്ച് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കുകയായിരുന്നു.
![Sreenivasan Vineeth starrer Kurukkan Kurukkan new poster released Kurukkan new poster Kurukkan poster Kurukkan Sreenivasan Vineeth Sreenivasan വിനീതിന്‍റെ കൂളിംഗ് ഗ്ലാസില്‍ കൂളിംഗ് ഗ്ലാസില്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും കുറുക്കന്‍ പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം കുറുക്കന്‍ പുതിയ പോസ്‌റ്റര്‍ കുറുക്കന്‍ വിനീത് ശ്രീനിവാസന്‍ ശ്രീനിവാസന്‍ ഷൈന്‍ ടോം ചാക്കോ](https://etvbharatimages.akamaized.net/etvbharat/prod-images/01-07-2023/18889302_vin.jpg)
നീണ്ട ഇടവേളയ്‌ക്ക് ശേഷം 'കുറുക്കനി'ലൂടെയാണ് ശ്രീനിവാസന്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നടന്‍. ഇതേകുറിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. 'കുറുക്കന്‍റെ' ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്‍റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാന്‍ കാത്തിരിക്കുക ആയിരുന്നുവെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.
'ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്‍റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ചിത്രീകരണം തുടങ്ങാന്‍ വൈകിയതും. സിനിമയിലെ അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു.' -വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
അച്ഛന്‍റെ ആരോഗ്യത്തില്‍ നല്ല മാറ്റമുണ്ടെന്നും സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിനെന്നും വിനീത് പറഞ്ഞു. 'ഇവര്‍ ഒക്കെ ജോലി ചെയ്‌ത് ശീലിച്ചവര്‍ ആണ്. ഇതുവരെ വെറുതെ ഇരുന്നിട്ടില്ല. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണായി പഴയത് പോലെ തിരികെയെത്തും.' -ഇപ്രകാരമാണ് വിനീത് പറഞ്ഞത്.
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ബാലാജി ശര്‍മ, ദിലീപ് മേനോൻ, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി, മാളവിക മേനോന്‍, അന്‍സിബ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് സിനിമയുടെ നിര്‍മാണം. ജിബു ജേക്കബ്- ഛായാഗ്രഹണം. രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം. മനോജ് റാംസിംഗ് ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, അസോസിയേറ്റ് ഡയറക്‌ടര്‍ - അനീവ് സുകുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി, സ്‌റ്റിൽസ് - പ്രേംലാൽ പട്ടാഴി, പരസ്യകല - കോളിൻസ് ലിയോഫിൽ, വിതരണം - വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പിആർഒ - എഎസ് ദിനേശ്.