Sreenath Bhasi about Mammootty: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്‌ത് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് യുവ നടന്‍ ശ്രീനാഥ് ഭാസി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നമാണ് ചിത്രത്തിലൂടെ സഫലമായതെന്ന് ശ്രീനാഥ് പറയുന്നു. ജീവിതത്തിലെ വലിയൊരു അനുഗ്രഹമായാണ് 'ഭീഷ്‌മ പര്‍വ്വ'ത്തെ കാണുന്നതെന്നും നടന്‍ പറയുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമല്‍ നീരദ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ കിട്ടിയത് ഭാഗ്യമായാണ് ശ്രീനാഥ് കരുതുന്നത്. മമ്മൂക്കയില്‍ നിന്നും കണ്ടു പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും നടന്‍ പറയുന്നു. 'ഷൂട്ടിന് വരുന്നത് മുതല്‍ കുറേ കാര്യങ്ങള്‍ മാതൃകയാക്കാനുണ്ട്. മമ്മൂക്കയെ പോലൊരു ലെജന്‍റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് തന്നെ വലിയ ഭാഗ്യമാണ്.'- ശ്രീനാഥ് ഭാസി പറഞ്ഞു.
കിരയറിന്‍റെ ഒരു ഘട്ടത്തില്‍ സിനിമ വിടാന്‍ തീരുമാനിച്ച നിമിഷത്തെ കുറിച്ചും ശ്രീനാഥ് പങ്കുവച്ചു. 'ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു. വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്‌ത് ജീവിക്കാമെന്നായിരുന്നു കരുതിയത്. 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യ'മായിരുന്നു ആ സമയത്ത് ചെയ്‌തത്. വിനീത് ശ്രീനിവാസനാണ് പിന്തുണ തന്ന് ചേര്‍ത്തുപിടിച്ചത്.
അതേപോലെ തന്നെ ഇടയ്‌ക്ക് ചില നോ പറഞ്ഞത് കാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇരിക്കെയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കിട്ടിയത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. സിനിമയില്‍ തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്.
കരിയറില്‍ ഇന്നെനിക്ക് വ്യത്യസ്‌ത വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് ചെയ്‌ത് ജീവിക്കാന്‍ പറ്റുമെന്ന ഒരു ആത്‌മവിശ്വാസം ഇപ്പോള്‍ ഉണ്ട്. ഒരു കഥാപാത്രം പറയുമ്പോള്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നും നടത്താറില്ല. അങ്ങനെ പ്ലാന്‍ ചെയ്‌ത് ചെയ്യാനൊന്നും എനിക്ക് അറിയില്ല. നമ്മുടെ ഏറ്റവും ബെസ്‌റ്റ് വേര്‍ഷനുമായിട്ട് ചിലപ്പോള്‍ സെറ്റിലേക്ക് ചെല്ലാന്‍ പറ്റും. അത് മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റുള്ളു. പ്രസന്‍റ് ആയി അവിടെ ഉണ്ടാകുക. കാര്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലാതെ എന്‍റെ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ച് ഞാന്‍ ആലോചിക്കാറില്ല.
വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്‌ടമാണ്. ഇനി വരാനിരിക്കുന്നത് 'ചട്ടമ്പി' എന്ന സിനിമയാണ്. അതിലെ കറിയ എന്നൊരു കഥാപാത്രമാണ്. ചട്ടമ്പിയാണ്. ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാണ്. 90കളിലെ കഥയാണ് ചിത്രം പറയുന്നത്. കാത്തിരിക്കുന്ന ഒരു കഥാപാത്രമാണ് അത്.' -ശ്രീനാഥ് പറഞ്ഞു.
Also Read: 'അക്കാദമിയുടെ തീരുമാനം അംഗീകരിക്കുന്നു'; ഓസ്‌കര്‍ വിലക്കില്‍ പ്രതികരണവുമായി വില്‍ സ്‌മിത്ത്