സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി പിജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സണ്ണി വെയ്‌ന്‍, നിമിഷ സജയന്‍, ഷറഫുദ്ദീന്‍, അര്‍ജുന്‍, ശബരീഷ് വര്‍മ, കൃഷ്‌ണ ശങ്കര്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.
പുതുമുഖ താരം കൃഷ്‌ണേന്ദു എ മേനോന്‍ ആണ് ചിത്രത്തിലെ നായിക. പിപി കുഞ്ഞികൃഷ്‌ണനും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. 'എന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലെ മജിസ്‌ട്രേറ്റിന്‍റെ വേഷത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് കുഞ്ഞികൃഷ്‌ണന്‍. ഇവരെ കൂടാതെ ഹരീഷ് പേങ്ങന്‍, നിഷ സാരംഗ്, ജോളി ചിറയത്ത്, സിബി തോമസ്, ലാലി മരക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ ആണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കിച്ചാപ്പൂസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ കെജി അനില്‍കുമാര്‍ ആണ് സിനിമയുടെ നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="">
കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. റഹീഖ് അഹമ്മദ് ഗാനരചനയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും. വീണ സ്യമന്തക് വസ്‌ത്രാലങ്കാരവും രഞ്ജിത് മണലിപ്പറമ്പില്‍ മേക്കപ്പും നിര്‍വഹിക്കും. മാഫിയ ശശിയാണ് ആക്ഷന്‍. വയനാട്ടില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Also Read: 'വിനയനില്‍ ഒരു ആറാട്ടുപുഴ വേലായുധനുണ്ട്'; പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് നടി മാല പാര്‍വതി
വിനയന്‍ സംവിധാനം ചെയ്‌ത 'പത്തൊന്‍പതാം നൂറ്റാണ്ട്' ആയിരുന്നു സിജു വില്‍സണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ആറാട്ടുപുഴ വേലായുധന്‍ എന്ന ധീര യോദ്ധാവിന്‍റെ ജീവിതം പ്രമേയമാക്കി വന്‍ ബജറ്റിലൊരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്.
മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തിയത്. 1825ല്‍ ജനിച്ച ആറാട്ടുപുഴ വേലായുധ പണിക്കരായി വേഷമിട്ട സിജു വില്‍സണെ അഭിനന്ദിച്ച് സിനിമാതാരങ്ങളും രാഷ്‌ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. 'പത്തൊന്‍പതാം നൂറ്റാണ്ടി'ലൂടെ സിജു വില്‍സണിന് പ്രേക്ഷക നിരൂപക പ്രശംസകളും ലഭിച്ചിരുന്നു.