സൽമാൻ ഖാൻ നായകനാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിലൂടെ ഷെഹനാസ് ഗിൽ ബോളിവുഡ് അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നുവെന്ന വാർത്ത ഈ വർഷം ആദ്യം മുതൽ ബോളിവുഡ് ആരാധകർക്കിടയിൽ സംസാരവിഷയമായിരുന്നു. എന്നാൽ ഷെഹനാസോ ചിത്രത്തിന്‍റെ നിർമാതാക്കളോ ആ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ താരം ചിത്രത്തിലുണ്ടാകില്ലെന്ന വാർത്തയാണ് ഇപ്പോൾ ബി-ടൗണിൽ നിന്നും പുറത്തുവരുന്നത്.
ഹിന്ദി സിനിമയിൽ ഷെഹനാസിനെ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകിയിരിക്കുകയാണ് ഈ വാർത്ത. ചിത്രത്തിൽ സൽമാന്‍റെ ഭാര്യ സഹോദരനായി വേഷമിടുന്ന ആയുഷ് ശർമയുടെ ജോഡിയായിട്ടാകും ഷെഹനാസ് പ്രത്യക്ഷപ്പെടുക എന്നായിരുന്നു ഈ വർഷം ഏപ്രിലിൽ പുറത്തുവന്ന വാർത്ത. എന്നാൽ ആയുഷ് ശർമയും ഷെഹനാസ് ഗില്ലും ചിത്രത്തിലുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഭി ഈദ് കഭി ദിവാലിയിൽ ശ്വേത തിവാരിയുടെ മകൾ പാലക് തിവാരിയും വേഷമിടും.
ബിഗ് ബോസ് 13ൽ മത്സരാർഥിയായിരുന്ന ഷെഹനാസ് ഗില്ലിന് സിദ്ധാർഥ് ശുക്ലയുടെ മരണശേഷം വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 11.7 മില്യൺ ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ 2.8 ദശലക്ഷം വരിക്കാരും ഷെഹനാസിനുണ്ട്.