റിലീസിനൊരുങ്ങുന്ന 'പഠാന്‍' തിയേറ്ററുകളിലെത്താന്‍ ഇനി ഏഴ് ദിനങ്ങള്‍ മാത്രം ബാക്കി. ജനുവരി 25ന് ബിഗ് സ്‌ക്രീനില്‍ എത്തുന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രത്യേക സ്‌ക്രീനിങ് മുംബൈയില്‍ നടന്നു. മുംബൈ നഗരത്തില്‍ നടന്ന 'പഠാന്‍റെ' സ്വകാര്യ സ്‌ക്രീനിങില്‍ ഷാരൂഖ് ഖാന്‍ കുടുംബ സമേതമാണ് ചിത്രം കാണാൻ എത്തിയത്.
മുംബൈയില്‍ വച്ച് നടന്ന പ്രത്യേക ഷോയില്‍ ഷാരൂഖും കുടുംബാംഗങ്ങളുമാണ് 'പഠാന്‍' ആദ്യം കണ്ടത് എന്നതും ശ്രദ്ധേയമാണ്. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് ഷാരൂഖ് 'പഠാന്‍' കാണാനെത്തിയത്. ഇവരെ കൂടാതെ ഗൗരിയുടെ അമ്മ സവിത ഛിബര്‍, ഷാരൂഖിന്‍റെ സഹോദരി ഷെഹ്‌നാസ് ഖാന്‍ എന്നിവരും 'പഠാന്‍' കാണാന്‍ എത്തിയിരുന്നു.
ഷാരൂഖും മകന്‍ ആര്യന്‍ ഖാനും വെള്ള നിറമുള്ള ടീ ഷര്‍ട്ടിലാണ് സ്‌ക്രീനിങിന് എത്തിയത്. അതേസമയം ട്രാക്ക് സ്യൂട്ടാണ് സുഹാന ധരിച്ചിരുന്നത്. മുംബൈയിലെ 'പഠാന്‍' സ്‌ക്രീനിംഗ് വേദിയിലേക്ക് ഷാരൂഖ് ഖാന്‍ കുടുംബസമേതം എത്തുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'പഠാന്‍റെ മുംബൈയിലെ സ്‌പെഷ്യല്‍ സ്‌ക്രീനിങിനിടെയുള്ള കിംഗ് ഖാന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ക്ലിക്ക്'-എന്ന അടിക്കുറിപ്പിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നീണ്ട കാത്തിരിപ്പിന് വിരാമം: നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പവര്‍ഫുള്‍ ആക്ഷന്‍ അവതാറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജോണ്‍ എബ്രഹാം പ്രതിനായകനായും എത്തുന്നു.
'പഠാന്‍' റിലീസിന് ശേഷം ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്നത് രണ്ട് ചിത്രങ്ങളാണ്. തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരക്കൊപ്പമുള്ള അറ്റ്‌ലിയുടെ 'ജവാന്‍', തപ്‌സി പന്നുവിനൊപ്പമുള്ള രാജ്‌കുമാർ ഹിറാനിയുടെ 'ഡുങ്കി' എന്നിവയാണ് താരത്തിന്‍റെ മറ്റ് പുതിയ രണ്ട് സിനിമകള്‍.