മുംബൈ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. 1995ൽ പുറത്തിറങ്ങിയ 'കരൺ അർജുൻ' ആണ് ഇരുവരും മുഴുനീള വേഷത്തിൽ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. 27 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബോളിവുഡ് ഖാൻമാർ ഒരുമിച്ച് പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ ഒരുങ്ങുന്നത്.
ആദിത്യ ചോപ്രയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയായിരിക്കും ഇതെന്നും വിവരമുണ്ട്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഷാരൂഖ് ഖാൻ സിനിമകളായ കുഛ് കുഛ് ഹോതാ ഹേ, സീറോ എന്നീ ചിത്രങ്ങളിൽ സൽമാൻ ഖാൻ അതിഥി വേഷങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ സൽമാൻ-കത്രീന കൈഫ് ജോഡികള്‍ ഒന്നിക്കുന്ന ടൈഗർ-3 യിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തും. ഷാരൂഖ്, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിക്കുന്ന പത്താനിൽ സൽമാൻ ഖാനും വേഷമിടുമെന്നാണ് അറിയുന്നത്.
ഏതായാലും ബോളിവുഡിന്‍റെ എക്കാലത്തെയും സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.