ബോളിവുഡിന്‍റെ മാത്രമല്ല ബോക്‌സോഫിസിന്‍റെയും ബാദ്‌ഷയാണ് ഷാരൂഖ് ഖാൻ. ഓരോ വരവിലും ബോക്‌സോഫിസിൽ പുതുചരിത്രം കുറിക്കുന്ന, ആരാധകരെ വീണ്ടും തന്‍റെ മായക വലയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്ന കിങ് ഖാൻ. പിറന്നാൾ ആശംസകൾ ഷാരൂഖ്... 58ന്‍റെ ചെറുപ്പവുമായി ബോളിവുഡിന്‍റെ മുടിചൂടാമന്നൻ സജീവമാണ്.
എന്നത്തെയും പോലെ 'മന്നത്തി'ന് മുന്നിൽ കാത്തുനിൽക്കുന്ന അനേകായിരം ആരാധകർക്ക് മുന്നിൽ അയാൾ വന്നുനിന്നു, കൈകൾ വീശി, നിറഞ്ഞ ചിരിയോടെ ചുംബനങ്ങൾ പായിച്ചു. പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയം നിറഞ്ഞ് ആരാധകർ മടങ്ങുന്നു. എല്ലാ വർഷവും നവംബർ രണ്ടിന് ഈ കാഴ്‌ച പതിവാണ്. ഓരോ വർഷവും ആരാധകുടെ എണ്ണം കൂടുന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നുമില്ല. ബോളിവുഡിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തത്ര ശക്തമാണ് കിങ് ഖാൻ ഷാരൂഖിന്‍റെ ആരാധക വൃന്ദം.
ഒരേ വര്‍ഷം രണ്ട് സിനിമകള്‍ ആയിരം കോടി ക്ലബിലെത്തിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിന്‍റെ ഇരട്ടി മധുരത്തിലാണ് ഇത്തവണ ഷാരൂഖ്. 'പഠാന്' പിന്നാലെ 'ജവാനും' ബോക്‌സോഫിസിൽ ചരിത്രം കുറിച്ചതോടെ ആരാധകരും സൂപ്പർ ഹാപ്പിയാണ്. പിറന്നാൾ ദിനത്തിൽ പുതിയ സിനിമകളുടെ വമ്പൻ അപ്‌ഡേറ്റുകളും വന്നുകൊണ്ടിരിക്കുന്നു.
എഴുപതിലേറെ സിനിമകളിൽ വേഷമിട്ട ഷാരൂഖ് ഖാന്‍റെ ഈ ചലച്ചിത്ര യാത്ര അത്ര എളുപ്പമായ ഒന്നായിരുന്നില്ല. കുടുംബ പാരമ്പര്യത്തിന്‍റെ പിൻബലത്തിലല്ല, മറിച്ച് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും പ്രണയവും കൈമുതലാക്കിയാണ് ഷാരൂഖ് ബോളിവുഡിന്‍റെ മായിക ലോകത്തേക്ക് നടന്നുകയറിയത്. ഒടുക്കം ലക്ഷോപലക്ഷം സിനിമാസ്വാദകരുടെ ഉള്ളും അയാൾ കവർന്നെടുത്തു.
1980കളിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ഷാരൂഖ് ഖാൻ തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1992ലാണ് ബിഗ് സ്‌ക്രീനിൽ ഷാരൂഖിന്‍റെ മുഖം പ്രേക്ഷകർ കണ്ടത്. 'ദീവാന' ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീടങ്ങോട്ട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായിത്തീർന്ന ഷാരൂഖ് മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറി.
മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങൾ, മനം മയക്കുന്ന പുഞ്ചിരിയും ഷാരൂഖിന്‍റെ മാത്രം സ്റ്റൈലും- പ്രേക്ഷകരെ തന്‍റെ വരുതിയിലാക്കാൻ ഈ റൊമാന്‍റിക് ഹീറോയ്‌ക്ക് മറ്റൊന്നും ആവശ്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), കഭി ഖുശി കഭി ഗം (2001) തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുന്നുണ്ട്.
ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007), രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളാണ്. ദേവ് ദാസ് (2002), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹനാ (2006), മൈ നെയിം ഈസ് ഖാൻ (2010), ഡോൺ... എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സിനിമകൾ!
2005ലാണ് ചലച്ചിത്ര ലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാനെ പദ്‌മശ്രീ നൽകി ആദരിച്ചത്. അഭിനയ മികവിന് മറ്റെത്രയോ അവാർഡുകൾ കിങ് ഖാനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ താരമെന്ന് പല മാഗസീനുകളും ഷാരൂഖിനെ വിലയിരുത്തി. ജനങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സ്റ്റൈലിഷ് താരങ്ങളുടെ പട്ടികയിലും നിരവധി തവണ ഷാരൂഖ് തന്നെയായിരുന്നു മുൻപന്തിയില്‍.
തന്‍റെ 58-ാം വയസിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള, ആവേശത്തിലാക്കാനുള്ള തയാറെടുപ്പിലാണ് ഷാരൂഖ്. ഇനിയുമെത്രയോ സിനിമകളുമായി അയാൾ വരുമെന്ന് ആരാധകർക്ക് ഉറപ്പുണ്ട്. കണ്ടുമതിയാവാത്ത ആ സിഗ്‌നേചർ പോസുമായി അയാൾ വരിക തന്നെ ചെയ്യും, തിരശീലയിൽ തീയായി മാറും...