ജമ്മുകശ്‌മിർ : 'ദി കേരള സ്‌റ്റോറി' സിനിമയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ഹോസ്‌റ്റലിലെ 10 വിദ്യാർഥികളെ തിങ്കളാഴ്‌ച അധികൃതർ രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ലാസുകളിൽ കയറുന്നതിനും വിലക്കുണ്ട്. ഞായറാഴ്‌ച രാത്രി ജിഎംസിയിലെ ബോയ്‌സ് ഹോസ്‌റ്റലിൽ വിവാദ സിനിമയെച്ചൊല്ലി വിദ്യാര്‍ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഹോസ്‌റ്റല്‍ - കോളജ് പരിസരങ്ങളില്‍ കൂടുതൽ പൊലീസുകാരെ വിന്യസിക്കുന്നത് ഉൾപ്പടെ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ജമ്മുവിലെ സീനിയർ പൊലീസ് സൂപ്രണ്ടിനോട് ജിഎംസി പ്രിൻസിപ്പൽ ശശി സുധൻ ശർമ അഭ്യർഥിച്ചു. 'ആൺകുട്ടികളുടെ ഹോസ്‌റ്റലിലെ വാർഡന്‍റെ റിപ്പോർട്ട് പ്രകാരം, 10 വിദ്യാർഥികളെ രണ്ട് മാസക്കലയളവിലേക്ക് ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കൂടാതെ ഇൻസ്‌റ്റിറ്റ്യൂട്ടിലെ അച്ചടക്ക സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കുകയും ചെയ്‌തു' - ശർമ പ്രസ്‌താവനയിൽ അറിയിച്ചു.
ഹോസ്‌റ്റൽ വാർഡന്‍റെ റിപ്പോർട്ട് കോളജിന്‍റെ അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്‌നമുണ്ടായ ദിവസം രാത്രിയിൽ താനും ഹോസ്‌റ്റൽ വാർഡൻമാരും ഫാക്കൽറ്റി അംഗങ്ങളും രാത്രി മുഴുവൻ ഹോസ്റ്റലിൽ ചെലവഴിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കാമ്പസിനുള്ളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജിഎംസി പ്രിൻസിപ്പൽ പറഞ്ഞു.
സംഘർഷത്തിൽ ഉള്‍പ്പെട്ട ജിഎംസി ജമ്മുവിലെ ഒരു മുൻ വിദ്യാർഥിക്കെതിരെ ജമ്മുവിലെ ബക്ഷി നഗറിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ ഒരു വിദ്യാർഥി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
'പരിക്കേറ്റ വിദ്യാർഥി ദോഡ ജില്ലയിലെ ഭാദേർവയിൽ താമസിക്കുന്നയാളാണ്. നിലവിൽ സുഖം പ്രാപിച്ചുവരുന്നു. ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ വിദ്യാർഥിയെ ഡിസ്ചാർജ് ചെയ്യും. 24 മണിക്കൂറും സുരക്ഷയ്ക്കായി എട്ട് ഉദ്യോഗസ്ഥരെയും ഒരു സൂപ്പർവൈസറെയും ഹോസ്റ്റലില്‍ വിന്യസിച്ചിട്ടുണ്ട്' - പ്രിൻസിപ്പല്‍ കൂട്ടിച്ചേർത്തു.
നൂറുകോടി ക്ലബ്ബില്‍ കയറി 'ദി കേരള സ്‌റ്റോറി' : പ്രദര്‍ശനം തുടരുന്ന 'ദി കേരള സ്‌റ്റോറി' നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. വിവാദ ചിത്രത്തിന്‍റെ തിയേറ്റര്‍ വരുമാനം 136 കോടി കവിഞ്ഞു. 20 കോടി രൂപ ബജറ്റില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്‌ത ചിത്രം മെയ് 5 നാണ് തിയേറ്ററുകളിലെത്തിയത്. വിപുല്‍ ഷാ നിർമിച്ച സിനിമ ഹിന്ദി ഭാഷയിലാണ് ചിത്രീകരിച്ചത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ 200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.