എറണാകുളം : എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ നടന വിസ്‌മയം മമ്മൂട്ടി. ദൃശ്യ മാധ്യമരംഗത്ത് എന്തെല്ലാം സംഭവ വികാസങ്ങൾ നടക്കുന്നു?, പ്രതിഭകൾ ആരൊക്കെ? എന്നിങ്ങനെ വസ്‌തുതാപരമായ കാര്യങ്ങളിൽ മമ്മൂക്ക എക്കാലവും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതുതന്നെയാണ് നിരവധി മിമിക്രി കലാകാരന്മാർക്ക് സിനിമയിലേക്ക് അവസരം തുറന്നുകിട്ടാൻ കാരണമായതും.
മലയാള മിമിക്രി രംഗത്തുനിന്ന് ചലച്ചിത്ര മേഖലയിലേക്ക് സജീവമായവർക്കെല്ലാം മമ്മൂക്കയെ കുറിച്ച് പറയാൻ നൂറ് നാവാണ്.സാജു നവോദയ(പാഷാണം ഷാജി), തങ്കച്ചൻ വിതുര, നോബി, അസീസ് നെടുമങ്ങാട് എന്നിങ്ങനെ നിരവധി കലാകാരന്മാരെ പല കഥാപാത്രങ്ങള്‍ക്കായി മമ്മൂക്ക സംവിധായകരോട് നിർദേശിച്ചിട്ടുണ്ട്. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അത്തരമൊരു ഓർമ പുതുക്കുകയാണ് സാജു നവോദയ (Saju Navodaya About Mammootty).
മമ്മൂക്കയോടൊപ്പം സാജു നവോദയ മുഴുനീള വേഷം കൈകാര്യം ചെയ്‌ത ചിത്രങ്ങളിൽ ഒന്ന് 'ഭാസ്‌കർ ദ റാസ്‌കൽ' ആയിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്‌ത ചിത്രത്തിൽ അദ്ദേഹത്തിന്‍റെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. പാഷാണം ഷാജിയുടെ കരിയർ ഗ്രാഫിൽ എടുത്തുപറയേണ്ട ചിത്രങ്ങളിലൊന്നാണ് 'ഭാസ്‌കർ ദ റാസ്‌കൽ'. സിനിമയുടെ പ്രമോഷൻ സമയത്ത് പല മാധ്യമങ്ങളോടും പാഷാണം ഷാജി തനിക്ക് ചിത്രത്തിൽ അവസരം തന്നതിന് സംവിധായകനോട് നന്ദി പറയുകയുണ്ടായി.
ഓരോ മാധ്യമത്തിന് മുന്നിലും തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ച സംവിധായകൻ സിദ്ദിഖ് സാറിനോട് കടപ്പെട്ടിരിക്കുന്നു എന്ന് ആവർത്തിച്ചപ്പോൾ ഒരു നിമിഷം മമ്മൂക്ക ഇടപെട്ടു. ''ഭാസ്‌കർ ദ റാസ്‌കൽ' സിനിമയില്‍ ആരാ നിനക്ക് വേഷം തന്നത്?' മമ്മൂക്ക അല്‍പ്പം ദേഷ്യത്തോടെ പാഷാണം ഷാജിയോട് ചോദിച്ചു. സിദ്ദിഖ് എന്ന് കുലീനതയോടെ മറുപടി വന്നു.
"സിദ്ദിഖ് അല്ല,ഞാൻ ആണ് ഈ ചിത്രത്തിൽ നിനക്ക് ഈ വേഷം തരാൻ നിർദ്ദേശിച്ചത്. മനസ്സിലായോ?" മമ്മൂക്കയുടെ ചൂടൻ മറുപടി. അതുമാത്രമല്ല കലാകാരന്മാരെ എക്കാലവും സപ്പോർട്ട് ചെയ്യുന്ന മമ്മൂക്ക, 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു മുഴുനീള വേഷത്തിനായി ഒരു പ്രമുഖ കലാകാരനെ സംവിധായകനോട് നിർദ്ദേശിച്ചു.
ആ കലാകാരന് വേണ്ടി പാഷാണം ഷാജിയും മമ്മൂക്കയോട് നല്ല അഭിപ്രായം പറഞ്ഞിരുന്നു.
കലാകാരനോട് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നു. ആ കലാകാരൻ തനിക്ക് സിനിമയിൽ ഒരു മുഴുനീള വേഷം കിട്ടിയ സന്തോഷത്തിൽ സുഹൃത്തുക്കളോടൊപ്പം ചിത്രീകരണത്തിന്‍റെ തലേദിവസം സന്തോഷ സൂചകമായി മദ്യ സേവ നടത്തി. പുലരും വരെ മദ്യപിച്ച് രാവിലെ ബോധമില്ലാതെ ആ പ്രമുഖ കലാകാരൻ ഫോൺ ഓഫ് ചെയ്‌തുവച്ച് മുറിയിൽ കിടന്നുറങ്ങി.
രാവിലെ മുതൽ വൈകുന്നേരം വരെ പ്രൊഡക്ഷൻ കൺട്രോളർ ആ കലാകാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്‌തില്ല. വൈകുന്നേരം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് തനിക്ക് വേഷം നഷ്‌ടപ്പെട്ടെന്ന ബോധോദയം അയാൾക്ക് ഉണ്ടാകുന്നത്. മമ്മൂക്ക അവസരം നല്‍കിയ ആ കലാകാരൻ കൃത്യമായി തന്‍റെ അവസരം ഉപയോഗിച്ചിരുന്നെങ്കിൽ തീർച്ചയായും മലയാള സിനിമയിലെ ഒരു സജീവ സാന്നിധ്യം ആകുമായിരുന്നുവെന്നും സാജു നവോദയ പറഞ്ഞു.