ബോളിവുഡ് സൂപ്പർ താരങ്ങളായ രണ്‍വീര്‍ സിങിനെയും ആലിയ ഭട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കരൺ ജോഹർ അണിയിച്ചൊരുക്കിയ ചിത്രമാണ് 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'. ഈ മാസം 28ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ഇതുവരെ 27.15 കോടിയാണ് രണ്‍വീര്‍ ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ. റിലീസായി ഒരാഴ്‌ചക്കിടെ തന്നെ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' സുഗമമായി 46 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പ്രതീക്ഷിക്കുന്നത്.
ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക്കിന്‍റെ കണക്കുകൾ പ്രകാരം, തുടക്കത്തില്‍ റോക്കി ഔർ റാണി കി പ്രേം കഹാനി ഇന്ത്യയിൽ നിന്ന് 16 കോടി രൂപയാണ് നേടിയത്. ശനിയാഴ്‌ച ബോളിവുഡില്‍ ചിത്രത്തിന് ആകെ 33.68% ഒക്യുപെൻസി ഉണ്ടായിരുന്നു. ആദ്യ ദിനം ആഭ്യന്തര വിപണിയിൽ ഈ റൊമാന്‍റിക് ഡ്രാമ നേടിയത് 11.10 കോടി രൂപയാണ്.
അടുത്ത കാലത്തായി വലിയ ബജറ്റില്‍ ഉൾപ്പടെ എത്തിയ ബഹുഭൂരിപക്ഷം ബോളിവുഡ് ചിത്രങ്ങളും ബോക്‌സോഫിസില്‍ തകർന്നടിഞ്ഞിരുന്നു. ഇതിനിടെ കരൺ ജോഹർ ചിത്രം നേടുന്ന വിജയം ബോളിവുഡിന് നേരിയ ആശ്വാസം പകരുന്നു. ചിത്രത്തിന്‍റെ ബോക്‌സോഫിസ് കലക്ഷൻ നിർമാതാക്കളായ ധർമ്മ പ്രൊഡക്ഷൻസും ആഘോഷമാക്കുകയാണ്. തങ്ങളുടെ ആവേശം സോഷ്യൽ മീഡിയയിലും ഇവർ പങ്കിട്ടു.
ഏഴു വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ച് കരൺ ജോഹർ വീണ്ടും സംവിധായകന്‍റെ തൊപ്പി അണിഞ്ഞ ചിത്രമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. കരൺ ജോഹർ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‌തത് രൺബീർ കപൂർ, അനുഷ്‌ക ശർമ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ അണിനിരന്ന 'ഏ ദിൽ ഹേ മുഷ്‌കിൽ' (Ae Dil Hai Mushkil) എന്ന ചിത്രമായിരുന്നു. ഒരു കുടുംബ ചിത്രവുമായാണ് റൊമാന്‍റിക് ചിത്രങ്ങളുടെ അമരക്കാരനായി ബോളിവുഡ് വാഴ്‌ത്തുന്ന കരൺ ജോഹർ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
സിനിമ രംഗത്ത് 25 വർഷം പൂർത്തിയാകുന്ന വർഷമാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയത് എന്നതും 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ പ്രത്യേകതയാണ്. ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ഇഷിത മൊയ്‌ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവരാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മാനുഷ് നന്ദനാണ്.
മുതിർന്ന നടൻ ധർമ്മേന്ദ്ര, ശബാന ആസ്‌മി, ജയാ ബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.