Ratheesh Balakrishnan Poduval reacts: 'ന്നാ താന്‍ കേസ് കൊട്' പോസ്‌റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍. സിനിമയുടെ പ്രൊമോഷന് വേണ്ടി ഇറക്കിയ പരസ്യം ഇത്ര ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. പരസ്യം കണ്ട് കുഴിയെ കുറിച്ച് പറയുന്ന ചിത്രമായി കരുതി ആളുകള്‍ തിയേറ്ററില്‍ എത്തുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
'ചിത്രത്തിന്‍റെ പ്രൊമോഷന് വേണ്ടിയിറക്കിയ പരസ്യം ഇതുപോലെ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. റോഡിലെ ഒരു കുഴിയുമായി ബന്ധപ്പെട്ട സിനിമയാണ്. റിലീസിന് മുമ്പേ വന്ന എല്ലാ പരസ്യങ്ങളിലും സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പതിയെ വെളിപ്പെടുത്തുന്ന രീതിയാണ് പിന്തുടര്‍ന്നത്. അതിന്‍റെ ഭാഗമായുള്ള പരസ്യം മാത്രമാണ് ഇന്നും പുറത്തിറങ്ങിയത്.
സിനിമയില്‍ ഒരു കുഴിയുടെ കഥ പറയുന്നുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ആ പരസ്യം അങ്ങനെ കൊടുത്തത്. ഈ പരസ്യം ഇങ്ങനെ കൊടുത്തപ്പോള്‍ കരുതിയത് ആളുകള്‍ ഇതുവായിച്ചിട്ട്, കുഴിയെ കുറിച്ച് പറയുന്ന ചിത്രമായി കരുതി തിയേറ്ററിലേക്ക് എത്തുമെന്നായിരുന്നു. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഏതൊരു പരസ്യത്തിന്‍റെയും ഉദ്ദേശ്യം അതാണല്ലോ!
റോഡില്‍ കുഴികളുണ്ടെന്ന ഇപ്പോഴത്തെ സത്യാവസ്ഥയെ തുറന്നു കാണിക്കാന്‍ വേണ്ടി ചെയ്‌ത പരസ്യമല്ല. ഇപ്പോഴത്തെ സത്യാവസ്ഥ പറഞ്ഞതുപോലെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും? പരസ്യത്തില്‍ പ്രശ്‌നമുണ്ടെന്ന് തോന്നുന്നവര്‍ ഒന്നു സിനിമ പോയി കണ്ടാല്‍ അതു തീരുമെന്നാണ് എനിക്ക് തോന്നുന്നത്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..ഒന്നു പോയി സനിമ കാണൂ.. അനാവശ്യമായ ഒരു കാര്യം പറഞ്ഞു പ്രശ്‌നമുണ്ടാക്കുന്ന സിനിമയല്ല ഇത്. ചിലപ്പോള്‍ നിങ്ങള്‍ക്ക് പോലും ഇഷ്‌ടപ്പെടും.'-രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ പറഞ്ഞു.