ജോസുകുട്ടി ജേക്കബും കോട്ടയം നസീറും പ്രധാന വേഷങ്ങളിലെത്തിയ 'റാണി ചിത്തിര മാർത്താണ്ഡ' ഇനി യൂട്യൂബിൽ കാണാം. ഒക്‌ടോബർ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ദീപാവലി സ്‌പെഷ്യല്‍ ആയാണ് ഗുഡ്‌വിൽ എന്‍റർടെയിൻമെൻസ് യൂട്യൂബിൽ റിലീസ് ചെയ്‌തത്. രണ്ടാഴ്‌ച മുമ്പിറങ്ങിയ ചിത്രം യൂട്യൂബിലൂടെ എത്തിയതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ.
മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരുലക്ഷത്തിലേറെ ആളുകളാണ് ഇതിനോടകം സിനിമ കണ്ടത്. മലയാളത്തിൽ ഇതാദ്യമായാകും തിയേറ്ററുകളിൽ റിലീസ് ചെയ്‌ത്, പതിനഞ്ച് ദിവസത്തിനുള്ളിൽ ഒരു സിനിമ യൂട്യൂബില്‍ പ്രദർശിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവർ അണിനിരന്ന 'സന്തോഷം' എന്ന സിനിമയും ഇതിനുമുമ്പ് യൂട്യൂബിലൂടെ പ്രദർശിപ്പിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അജിത് തോമസ് സംവിധാനം ചെയ്‌ത ഈ സിനിമയും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. 64 ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് ഈ സിനിമ യൂട്യൂബിൽ സ്വന്തമാക്കിയത്. അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെറിയ സിനിമകളെ അവഗണിച്ചതോടെയാണ് ഇങ്ങനെയൊരു നീക്കവുമായി ഗുഡ്‌വിൽ എന്‍റർടെയിൻമെൻസ് രംഗത്തെത്തിയത്. നിലവിൽ സൂപ്പർ താരങ്ങളുടെയോ മുൻനിര താരങ്ങളുടെയോ അല്ലാത്ത സിനിമകളോട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കണ്ണടയ്ക്കുകയാണ്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്ററാണ് 'റാണി ചിത്തിര മാർത്താണ്ഡ' കഥ എഴുതി സംവിധാനം ചെയ്‌തത്. ഒട്ടേറെ വെബ്‍ സീരീസുകളിലൂടെ പ്രേക്ഷക ശ്രദ്ധയാർജിച്ച കീർത്തന ശ്രീകുമാറാണ് ചിത്രത്തിലെ നായിക. മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ അച്ഛന്‍റേയും മകന്‍റേയും ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രം ദൃശ്യവത്കരിക്കുന്നത്.
റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയ സിനിമയിൽ വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പീതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഛായാഗ്രാഹകനാണ് നിഖിൽ എസ് പ്രവീൺ. 2015ലും 2022ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ അംഗമായിരുന്ന മനോജ് ജോർജാണ് സിനിമയ്‌ക്ക് സംഗീതമൊരുക്കിയത്.
ചീഫ് അസോ. ഡയറക്‌ടര്‍ - അനൂപ് കെഎസ്, എഡിറ്റർ - ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കലാസംവിധാനം - ഔസേഫ് ജോൺ, കോസ്റ്റ്യൂം - ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി - വിജി സതീഷ്, സൗണ്ട് ഡിസൈൻ - അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് - ആർ മുത്തുരാജ്, അസോ. ഡയറക്‌ടർമാർ - എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ. ക്യാമറ - തൻസിൻ ബഷീർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ - ആദർശ് സുന്ദർ, അസി. ഡയറക്‌ടര്‍ - അനന്ദു ഹരി, വിഎഫ്എക്‌സ് - മേരകി, സ്റ്റിൽസ് - ഷെബീർ ടികെ, ഡിസൈൻസ് - യെല്ലോടൂത്ത്, മാർക്കറ്റിങ് - സ്നേക്ക്പ്ലാന്‍റ് .