മുംബൈ: ബാഹുബലി സീരീസിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച തെലുങ്ക് സൂപ്പർ താരം റാണ ദഗ്ഗുബതിയും മലയാളികളുടെ പ്രിയതാരം സായി പല്ലവിയും ഒന്നിക്കുന്ന 'വിരാട പര്‍വം' ജൂണ്‍ 17ന് തിയേറ്ററുകളിലെത്തും. വേണു ഉഡുഗുള രചനയും സംവിധാനവും നിർവഹിച്ച ചിത്രം 1990 കളിലെ തെലങ്കാനയിലെ നക്‌സൽ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലത്തിലെ പ്രണയകഥയാണ് പറയുന്നത്.
ആരണ്യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സഖാവ് രാവണ്ണ എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാവണ്ണയുടെ പ്രണയിനിയായ വെണ്ണേല എന്ന നായികാ കഥാപാത്രമായി സായി പല്ലവി എത്തുന്നു. നേരത്തെ 2020ൽ നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് കൊവിഡ് കാരണം നീട്ടിവെയ്‌ക്കുകയായിരുന്നു. പിന്നീട് 2021 ജൂലൈ 1 ന് എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റിലീസ് ഈ വര്‍ഷം ജൂണിലേക്ക് മാറ്റി.
പ്രിയാമണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നന്ദിത ദാസിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'വിരാട പര്‍വം'. ശ്രീ ലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരിയാണ് സിനിമയുടെ നിർമാണം. 'മഹാനടി' ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ ഡാനി സാന്‍ചസ് ലോപ്‌സാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സുരേഷ് ബോബ്‌ലിയാണ് സിനിമയുടെ സംഗീതം ചെയ്‌തിരിക്കുന്നത്.