ചെന്നൈ: സ്‌റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ആരോഗ്യ രഹസ്യം എന്താണ്? 73-ാം വയസിലും യുവാക്കളെപ്പോലും അതിശയിപ്പിക്കുന്ന ചടുലതയോടെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നതിന് പിന്നിലെ ശക്‌തി എന്താണ്? ഒടുവിൽ രജനീകാന്ത് തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, തന്‍റെ പ്രിയതമ ലതയുടെ സ്‌നേഹമാണ് തന്‍റെ മാറ്റങ്ങൾക്കും ആരോഗ്യത്തിനും പിന്നിൽ എന്നാണ് സൂപ്പർ സ്റ്റാർ വ്യക്‌തമാക്കിയത്.
മദ്യപാനവും, പുകവലിയും, നോണ്‍ വെജിറ്റേറിയൻ ഭക്ഷണവും ഉപേക്ഷിച്ചതാണ് തന്‍റെ ആരോഗ്യ രഹസ്യം എന്നാണ് രജനീകാന്ത് വ്യക്‌തമാക്കിയിരിക്കുന്നത്. ഇവ ഉപേക്ഷിച്ചത് സ്വന്തം ഇഷ്‌ടപ്രകാരമല്ലെന്നും മറിച്ച് ഭാര്യയുടെ നിരന്തരമായ പ്രേരണ കൊണ്ടാണെന്നും താരം വെളിപ്പെടുത്തി. ഒരു കാലത്ത് ഈ മൂന്ന് കാര്യങ്ങളിലും ഞാൻ അടിമായായിരുന്നു. എന്നാൽ ഇവയിൽ നിന്ന് വിട്ടുനിൽക്കുന്നത് ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിലേക്ക് നയിക്കും. രജനീകാന്ത് വ്യക്‌തമാക്കി.
ഇവ മൂന്നും ഒഴിവാക്കി: 73 വർഷമായി ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്‍റെ ഭാര്യ കാരണം മാത്രമാണ്. ഞാൻ ബസ് കണ്ടക്‌ടർ ആയിരുന്നപ്പോഴും സിനിമയിൽ വന്നതിന് ശേഷവും മോശം കൂട്ടുകെട്ടുകളും സുഹൃത്തുക്കളും കാരണം പല ദുശ്ശീലങ്ങൾക്കും അടിമയായിരുന്നു. അക്കാലത്ത് തന്നെ ഞാൻ നോണ്‍- വെജ് അതും മട്ടണ്‍ രണ്ട് നേരം കഴിക്കുമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അളവില്ലാത്ത രീതിയിലാണ് മദ്യവും സിഗററ്റും ഞാൻ ഉപയോഗിച്ചത്.
നോൺ വെജിറ്റേറിയൻ വിഭവങ്ങളോടെയായിരുന്നു എന്‍റെ ദിവസം ആരംഭിച്ചിരുന്നത്. രാവിലെ പ്രഭാത ഭക്ഷണം അപ്പവും മട്ടൻ കറിയും ചിക്കൻ 65ഉം ആയിരുന്നു. അക്കാലത്ത് ഞാൻ സസ്യാഹാരികളോട് സഹതാപം കാണിക്കുകയും അവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ മദ്യം, സിഗരറ്റ്, നോൺ വെജ് എന്നിവ അപകടകരമായ സംയോജനമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.
എന്‍റെ അറിവിൽ ഇവ മൂന്നും അധികമായി കഴിച്ചവർക്ക് 60 കഴിഞ്ഞാൽ ആരോഗ്യകരമായ ജീവിതം ഉണ്ടായിട്ടില്ല. ഒന്നുകിൽ അവർ മരിച്ചു. ഇനി അതിജീവിച്ചാൽ പോലും അവർ മിക്കവാറും കിടപ്പിലായവരാണ്. ലത എന്നെ മാറ്റിയത് സ്നേഹത്തിലൂടെയാണ്, ബലപ്രയോഗത്തിലൂടെയല്ല. അവൾ എന്നെ ഡോക്‌ടർമാരെ പരിചയപ്പെടുത്തി. അവരിലൂടെ അവൾ എന്നെ മനസിലാക്കി അച്ചടക്കമുള്ള ജീവിതത്തിലേക്ക് കൊണ്ടുവന്നു. അതിന് ഞാൻ അവളോട് നന്ദി പറയുന്നു. രജനീകാന്ത് കൂട്ടിച്ചേർത്തു.
തമിഴ് നാടകമായ ചാരുകേശിയുടെ 50-ാം ദിനാഘോഷത്തിന് മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് താരം മനസുതുറന്നത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ.ജി. മഹേന്ദ്രയും രജനീകാന്തിന് ഒപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ ചാരുകേശി എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയുടേയും തുടക്കം കുറിച്ചിരുന്നു.
പുകവലിയും മദ്യപാനവും ഒഴിവാക്കണമെന്ന് അദ്ദേഹം യുവാക്കൾക്ക് ഉപദേശം നൽകുന്നത് ഇതാദ്യമായല്ല. എന്നാൽ അച്ചടക്കമുള്ള ജീവിതശൈലിയിലേക്ക് തന്നെ മാറ്റിയ ഭാര്യ ലതയെ പൊതുവേദിയിൽ പ്രശംസിക്കുന്നത് ഇതാദ്യമായാണ്. അതേസമയം നോണ്‍ വെജിറ്റേറിയൻ കഴിച്ചാൽ അധികം ആയുസ് ഉണ്ടാകില്ലെന്ന രജനീകാന്തിന്‍റെ വാദം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്‌ക്ക് തുടക്കമിട്ടു. നോൺ വെജിറ്റേറിയൻ വിഷയത്തിൽ സൂപ്പർ താരത്തെ പരിഹസിച്ചും അനുകൂലിച്ചും മീമുകളും നിറഞ്ഞു.
റിലീസിനൊരുങ്ങി ജയിലർ: നെൽസണ്‍ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനീകാന്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സണ്‍ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ മോഹലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാകും ജയിലർ. ചിത്രം ഈ വർഷം അവസാനം തിയേറ്ററുകളിലെത്തും.