ചെന്നൈ : 'അവന്‍റെ മുമ്പിൽ ഞാൻ പുകവലിക്കാറില്ല, ഞാൻ പുകവലിക്കുന്നത് കണ്ടാൽ അത് വലിച്ചെടുത്ത് അവൻ പുറത്തുകളയും' - അന്തരിച്ച നടൻ ശരത് ബാബുവിനെ ഓർത്തെടുക്കുകയായിരുന്നു രജനീകാന്ത്. ശരത് ബാബുവുമായുള്ള രജനിയുടെ ആത്മബന്ധം ആ വാക്കുകളിൽ കാണാം. തിങ്കളാഴ്‌ചയാണ് പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു(71) അണുബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടന്നു. തമിഴ്, തെലുഗു ഭാഷകളിലെ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും. ഇതിൽ തൻ്റെ ഏറ്റവുമടുത്ത സുഹൃത്തിനെ ഓർമിച്ചുകൊണ്ടുള്ള സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ വാക്കുകൾ ഹൃദയം തൊടുന്നതായി.
നടനാകുന്നതിന് മുമ്പ് തന്നെ തനിക്ക് ശരത് ബാബുവിനെ അറിയാമെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു എന്നും മുതിർന്ന താരം മാധ്യമങ്ങളോട് പറഞ്ഞു. 'മുഖത്ത് എപ്പോഴും പുഞ്ചിരി നിലനിർത്തുന്ന, വളരെ നല്ല മനുഷ്യനും നല്ല സുഹൃത്തും ആയിരുന്നു ശരത് ബാബു. അദ്ദേഹത്തെ ഒരിക്കലും സീരിയസായോ ദേഷ്യപ്പെട്ടോ കണ്ടിട്ടില്ല.
മുള്ളും മലരും, മുത്തു, അണ്ണാമലൈ, വേലൈക്കാരൻ തുടങ്ങി ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ച സിനിമകൾ എല്ലാം വളരെ വലിയ ഹിറ്റുകളാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അദ്ദേഹത്തിന് എന്നോട് വലിയ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു' - രജനി തുടർന്നു. താൻ പുകവലിക്കുന്നതിൽ ഏറ്റവുമധികം ഖേദിച്ചിരുന്ന അദ്ദേഹം അത് ഉപേക്ഷിക്കാൻ നിരന്തരം ആവശ്യപ്പെടാറുണ്ടെന്നും താരം പറഞ്ഞു.
'ഞാൻ വലിക്കുന്നത് കണ്ടാൽ അയാൾ സിഗരറ്റ് വലിച്ചെടുത്ത് അത് കെടുത്തിക്കളയും. അതിനാൽ അവന്‍റെ മുമ്പിൽ ഞാൻ പുകവലിക്കാറില്ല' - രജനീകാന്ത് ഓർത്തെടുത്തു. 'അണ്ണാമലൈ' സെറ്റിൽവച്ചുണ്ടായ ഒരനുഭവവും രജനി പങ്കുവച്ചു.
'അണ്ണാമലൈയിൽ, വെല്ലുവിളി ഉയർത്തുന്ന സുപ്രധാന രംഗമുണ്ട്. അതിൽ ശരിയായി അഭിനയിക്കാൻ കഴിയാതെ വന്നതിനാൽ ധാരാളം റീടേക്കുകൾ എടുക്കേണ്ടി വന്നു. ടെൻഷനിൽ നിന്നിരുന്ന എനിക്ക് അവൻ അപ്പോൾ ഒരു സിഗരറ്റ് തന്നു.
അതിനുശേഷമാണ് മികച്ച നിലയിൽ സീനെടുക്കാൻ സാധിച്ചത്'. എന്നാൽ ആരോഗ്യത്തെ സംബന്ധിച്ച് എപ്പോഴും ശരത് ബാബു തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, ചിരഞ്ജീവി, പ്രകാശ് രാജ്, സൂര്യ, ജൂനിയർ എൻടിആർ, കാർത്തി, സുഹാസിനി തുടങ്ങി നിരവധിപേർ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ALSO READ: പ്രശസ്‌ത തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു
ശരത് ബാബുവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും വേർപാട് വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ശരത് ബാബു നൽകിയ സംഭാവനകൾ എന്നും വിലമതിക്കപ്പെടുമെന്ന് ജൂനിയർ എൻടിആർ ട്വീറ്റ് ചെയ്‌തു. ഒരുമിച്ച് അഭിനയിച്ച കാലത്തെ ഓർമകൾ അയവിറക്കിയാണ് കമൽഹാസൻ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.