ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകൾ, സാക്ഷാല്‍ രജനികാന്തും അമിതാഭ് ബച്ചനും വെള്ളിത്തിയില്‍ വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'തലൈവർ 170'ലാണ് തമിഴകത്തിന്‍റെ തലൈവർക്കൊപ്പം ബിഗ് ബി വീണ്ടും കൈകോർക്കുന്നത്.
32 വർഷങ്ങൾക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. അതുതന്നെയാണ് 'തലൈവർ 170'നെ വ്യത്യസ്‌തമാക്കുന്നതും. ഇന്ത്യന്‍ സിനിമ ലോകത്തെ തന്നെ രണ്ട് അതുല്യ പ്രതിഭകൾ ഒന്നിക്കുന്ന ചിത്രം, 'ജയ് ഭീം' പോലെ മികച്ച ഒരു സിനിമാനുഭവം സമ്മാനിച്ച സംവിധായകന്‍... 'തലൈവർ 170'നായുള്ള കാത്തിരിപ്പിന് പ്രേക്ഷകർക്ക് വേറെന്താണ് വേണ്ടത്!
ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരനാണ് 'തലൈവർ 170' നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ഏതായാലും പ്രഖ്യാപനം മുതല്‍ തന്നെ വാർത്തകളില്‍ നിറയുകയാണ് 'തലൈവർ 170'.
സോഷ്യല്‍ മീഡിയകളില്‍ ഉൾപ്പടെ രജനികാന്ത്-അമിതാഭ് ബച്ചൻ കൂടിച്ചേരല്‍ ആരാധകർ ആഘോഷമാക്കുകയാണ്. അന്താ കാനൂൻ, ഗെരാഫ്‌താർ, ഹം എന്നീ ചിത്രങ്ങളിലാണ് തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നനും ബിഗ് ബിയും നേരത്തെ ഒന്നിച്ചത്. ഇപ്പോഴിതാ നീണ്ട 32 വർഷത്തെ ഇടവേള അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'തലൈവർ 170'. പ്രേക്ഷകർ കാത്തിരുന്ന ഒത്തുചേരല്‍ യാഥാർഥ്യമാകുമ്പോൾ സിനിമയുടെ ഓരോ അപ്ഡേഷനുകൾക്കായും അവർ കാതോർത്തിരിപ്പാണ്. മികച്ച ഒരു സിനിമാനുഭവം 'തലൈവർ 170' സമ്മാനിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
അതേസമയം ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലും രജനി കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ 'മൊയ്‌ദീൻ ഭായി' എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിലെ രജനികാന്തിന്‍റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് രജനികാന്ത് 'ലാൽ സലാമി'ല്‍ പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളതും. ചിത്രത്തിൽ കാമിയോ വേഷത്തില്‍ എത്തുന്ന രജിനികാന്തിന്‍റെ കാരക്‌ടർ പോസ്റ്റർ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ്. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്‍റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായത്.
രജനിക്ക് പുറമെ വിഷ്‌ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിഷ്‌ണു രംഗസാമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രവീൺ ഭാസ്‌കർ ആണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ALSO READ: 'വളരെയധികം ചിന്തിപ്പിക്കുന്ന ഒന്ന്'; രജനികാന്ത് നല്‍കിയ സമ്മാനത്തെക്കുറിച്ച് തമന്ന