എറണാകുളം: പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ (Raj B Shetty's Toby Movie) രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ സംവിധാനം ചെയ്‌ത ടോബി മലയാളം പതിപ്പ് കഴിഞ്ഞ ദിവസമാണ് (സെപ്റ്റംബർ 22) കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിയത് (Toby Released in Kerala). ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ആണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഫാസ്റ്റ് ഫില്ലിങ് ഷോകളിലേക്ക് കുതിച്ച ടോബി (Toby) വൻ പ്രേക്ഷക പ്രീതിയോടെ മുന്നേറുകയാണ്.
മലയാളത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററിൽ വന്ന് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ടോബി കാണണമെന്നും ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യർഥിച്ചു. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈമുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്‍റെ ഗരുഡ ഗമന വൃഷഭ വാഹനക്കും (Garuda Gamana Vrishabha Vahana) റോഷാക്കിനും (Rorschach) ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കുന്ന ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് സമ്മാനിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ ദുൽഖർ സൽമാനാണ് പ്രേക്ഷകരുമായി പങ്കുവച്ചത് (Dulquer Salmaan released Toby Malayalam Trailer). റിലീസായ മറ്റ് സംസ്ഥാനങ്ങളിൽ 'ടോബി'യ്‌ക്ക് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച വിജയം ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകൾ പോലെ തന്നെ മികച്ച പ്രതികരണം സ്വന്തമാക്കി ചിത്രം മുന്നേറുകയാണ്.
രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്‌ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ടോബിയുടെ (Toby) ഛായാഗ്രഹണവും എഡിറ്റിങും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ- അർഷാദ് നക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, 5.1 മിക്‌സ് അരവിന്ദ് മേനോൻ, ആക്ഷൻ- രാജശേഖരൻ, അർജുൻ രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാമിൽ ബങേര, ഡബ്ബിങ് കോ-ഓർഡിനേറ്റർ- സതീഷ് മുതുകുളം, പി ആർ ഒ- പ്രതീഷ് ശേഖർ.