മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ 'മോഹൻലാൽ' എന്ന ചിത്രത്തിനുശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഖൽബ്'. 'മൈക്ക്' എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നായകനാകുന്ന ചിത്രത്തിൽ നേഹയാണ് നായിക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നടന്നത്.
ഫ്രൈഡേ ഫിലിംസും ഫ്രാഗ്നന്റ് നാച്വർ ഫിലിം ക്രിയേഷൻസും ചേർന്നാണ് 'ഖൽബ്' സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിംസിന്‍റെ ഇരുപതാമത് ചിത്രം കൂടിയാണ് 'ഖൽബ്'. സിദ്ദിഖ്, ലെന തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം 30ഓളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം കൊച്ചിയിലെ ലുലു മാളിൽ വച്ചാണ് ട്രെയിലർ ലോഞ്ച് നടന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സിദ്ദിഖാണ് ലോഞ്ചിംഗ് നിർവഹിച്ചത്. 20 വർഷങ്ങൾക്ക് മുമ്പ് തന്‍റെ ആദ്യ ചിത്രത്തിന്‍റെ പ്രീ - റിലീസ് ചടങ്ങ് ലുലു മാളിൽ വച്ചാണ് അരങ്ങേറിയത് എന്ന് ഫ്രൈഡേ ഫിലിംസ് ഉടമയും നടനുമായ വിജയ് ബാബു ഓർത്തെടുത്തു.
20 വർഷത്തിനിടെ 15 ഓളം സംവിധായകരെയും അഭിനേതാക്കളും സംഗീത സംവിധായകരും അടക്കം 150ലേറെ കലാകാരന്മാരെയും മലയാളത്തിന് പരിചയപ്പെടുത്താൻ ഫ്രൈഡേ ഫിലിംസിന് ആയെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ 130 ഓളം പുതിയ കലാകാരന്മാരെയാണ് മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയത്. ഖൽബിലൂടെ മുപ്പതോളം കലാകാരന്മാരെയും പരിചയപ്പെടുത്തുകയാണെന്നും വിജയ് ബാബു പറഞ്ഞു.
ഇരുപതോളം ഗാനങ്ങൾ ഉൾപ്പെടുത്തി, ഒരു മ്യൂസിക്കൽ ഡ്രാമയായാണ് ഖൽബ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രണയത്തിന്‍റെ ഏഴു തലങ്ങൾ ചർച്ചചെയ്യുന്ന വ്യത്യസ്‌തമായ ഒരു ലൗ സ്റ്റോറി ആയിരിക്കും ഖൽബ് എന്ന് സംവിധായകൻ സാജിദ് യാഹിയ പറഞ്ഞു. സംവിധായകന്‍റെ സ്വന്തം നാടായ ആലപ്പുഴ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. അതേസമയം ചിത്രം കാണാനെത്തുന്ന പ്രേക്ഷകർ കണ്ണ് നിറയാതെ തിയേറ്റർ വിടില്ലെന്നായിരുന്നു നടൻ സിദ്ദിഖിന്‍റെ ഉറപ്പ്. നിരവധി പേരാണ് ചടങ്ങ് കാണാൻ ലുലു മാളിൽ തടിച്ചുകൂടിയത്.
സാജിദ് യഹിയയ്‌ക്കൊപ്പം സുഹൈൽ എം കോയയും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ അമൽ മനോജാണ്. പ്രകാശ് അലക്‌സ്, നിഹാൽ സാദിഖ്, വിമൽ നാസർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.
ഗാനരചന - സുഹൈൽ എം കോയ, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ - പ്രകാശ് അലക്‌സ്, ആർട്ട് - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, സ്‌റ്റണ്ട് - മാഫിയ ശശി, ഫൊണിക്‌സ് പ്രഭു, രാജശേഖർ മാസ്‌റ്റർ, കോറിയോഗ്രഫി - അനഘ, റിഷ്‌ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിജിത്ത്, അസോസിയേറ്റ് ഡയറക്‌ടർ - ആസിഫ് കുറ്റിപ്പുറം.
അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ഫൈസൽ ഷാ, റാസൽ കരീം, ജിബി ദേവ്, ടിന്‍റോ പി ദേവസ്യ, രാഹുൽ അയാനി, കരീം മേപ്പാടി, മിക്സിംഗ് - അജിത്ത് ജോർജ്, ക്രിയേറ്റീവ് സപ്പോർട്ട് - സുനീഷ് വാരനാട്, സാന്‍റോജോർജ്, ആനന്ദ് പി എസ്, ദീപക് എസ് തച്ചേട്ട്, ജിതൻ വി സൗഭഗം, കളറിസ്‌റ്റ് - സജുമോൻ ആർ ഡി, ടൈറ്റിൽ - നിതീഷ് ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേഴ്‌സ് - സെന്തിൽ, ജീർ നസീം, വിഎഫ്‌എക്‌സ് - കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, സ്‌റ്റിൽസ് - വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.