പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന കൃതിയെ ആസ്‌പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'ആടുജീവിതം' എന്ന പേരില്‍ തന്നെ എടുക്കുന്ന സിനിമയുടെ നാലര വര്‍ഷം നീണ്ടു നിന്ന ചിത്രീകരണം 2022 ജൂലൈ 14നാണ് പൂര്‍ത്തിയായത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ഘട്ടങ്ങളെ കുറിച്ചും സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലെസ്സി. ആടുജീവിതത്തിന്‍റെ പൂജ ചടങ്ങുകളും ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ. 'ആടുജീവിതം' എന്ന കൃതി സിനിമയായതിന് പിന്നിലെ നാള്‍വഴികളെ കുറിച്ച് പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിനും മനസുതുറക്കുന്നുണ്ട്.
ആടുജീവിതം സിനിമയാക്കാനുള്ള മോഹവുമായി സംവിധായകന്‍ ബ്ലെസ്സി തന്നെ വിളിച്ചിരുന്നുവെന്ന് ബെന്യാമിന്‍ വീഡിയോയില്‍ പറയുന്നു. ആടുജീവിതം വായിച്ച സന്തോഷത്തിലായിരുന്നു ആ വിളിയെന്നും ബെന്യാമിന്‍ പറഞ്ഞു. ബ്ലെസ്സി സാറിന് മുമ്പും പല സംവിധായകരും ആടുജീവിതം സിനിമയാക്കുന്നതുമായി സംബന്ധിച്ച ആലോചനകള്‍ നടത്തിയിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ സമീപനം കുറച്ചുകൂടി ആഴത്തിലുള്ളതും കൂടുതല്‍ ഇഷ്‌ടത്തോടു കൂടിയുള്ളതാണെന്ന് എനിക്ക് മനസ്സിലായി.
- " class="align-text-top noRightClick twitterSection" data="">
ശേഷം നാട്ടില്‍ വന്ന് ഞങ്ങള്‍ നോവലിനെ കുറിച്ച് ആഴത്തില്‍ സംസാരിച്ചു. സാര്‍ എത്ര കൃത്യമായും സൂക്ഷ്‌മമായും ഈ കൃതിയെ മനസ്സിലാക്കിയിരിക്കുന്നുവെന്നും അതിന്‍റെ മികവ് എത്രത്തോളം ഉണ്ടെന്നുള്ളതും എനിക്ക് മനസ്സിലായി. അങ്ങനെയാണ് ഒടുവിലിത് സിനിമയാക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്.
2008ലാണ് സിനിമയുടെ തിരക്കഥ ബ്ലെസ്സി പൃഥ്വിരാജിനോട് പറയുന്നത്. 2018ല്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരുന്നു. 2018ല്‍ പത്തനംതിട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് പാലക്കാടും കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്‌ത ശേഷം ജോര്‍ദാനില്‍ 30 ദിവസം നീണ്ടുനിന്ന ചിത്രീകരണം നടന്നു. കൊവിഡ് മഹാമാരി കാരണം സിനിമയുടെ ഷൂട്ടിങ് പലതവണ മുടങ്ങിപ്പോയിരുന്നു. ജോര്‍ദാന്‍ ഷെഡ്യൂളിന് ശേഷം സഹാറ, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തില്‍ നായിക. എ.ആര്‍ റഹ്മാന്‍ ആണ് സിനിമയുടെ സംവിധാനം. റസൂല്‍ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈന്‍. ആടുജീവിതം ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.
Also Read: സൂര്യ നായകനാകുന്ന ബയോപിക്കിന് പൃഥ്വിരാജ് സംവിധായകനാകുന്നു?