പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ 'കാപ്പ' ഇനി ഒടിടിയില്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം റിലീസ് ചെയ്‌ത് മൂന്ന് ആഴ്‌ചകള്‍ പിന്നിടുമ്പോഴാണ് ഒടിടി റിലീസ് പ്രഖ്യാപനം ഉണ്ടാകുന്നത്. 2022 ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ജനുവരി 19 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിക്കും.
തിരുവനന്തപുരത്തെ പ്രാദേശിക ഗുണ്ടകളുടെ കഥ പറഞ്ഞ 'കാപ്പ'യില്‍ വ്യത്യസ്‌ത ലുക്കിലാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അപര്‍ണ ബാലമുരളി നായികയായെത്തിയ ചിത്രത്തില്‍ ആസിഫ് അലിയും സുപ്രധാന വേഷത്തിലെത്തിയിരുന്നു.
ദിലീഷ് പോത്തന്‍, അന്ന ബെന്‍, ജഗദീഷ്, നന്ദു, ബിജു പപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ജി.ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന പ്രശസ്‌ത നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.
Also Read: 'ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുത്'; പഠാന്‍ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവരുടെ സഹകരണത്തിലാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.