നടന് പൃഥ്വിരാജിന് Prithviraj Sukumaran സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ഇടുക്കി മറയൂരില്‍ 'വിലായത്ത് ബുദ്ധ' Vilayath Budha എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലില്‍ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
'വിലായത്ത് ബുദ്ധ'യുടെ അവസാനഘട്ട ചിത്രീകരണം ഇടുക്കിയിലെ മറയൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് 'വിലായത്ത് ബുദ്ധ'യുടെ ഹൈലൈറ്റ്. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.
അടുത്തിടെ 'വിലായത്ത് ബുദ്ധ'യുടെ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആനപ്പുറത്തുള്ള ഛായാഗ്രാഹകന്‍റെ വീഡിയോയായിരുന്നു അത്. കാട്ടില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങള്‍ ആനപ്പുറത്തിരുന്ന് ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്ന മൊബൈല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. 'കാന്താര', '777 ചാര്‍ലി' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ് ആണ് 'വിലായത്ത് ബുദ്ധ'യുടെ ഛായാഗ്രാഹകന്‍.
ജിആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിത്. പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഏറ്റവും മൂല്യമുള്ള ചന്ദന മരത്തിനായി ഗുരുവും ശിഷ്യനും ഇടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം.
'വിലായത്ത് ബുദ്ധ'യില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിടുന്നത്. പ്രിയംവദ ആണ് സിനിമയില്‍ പൃഥ്വിയുടെ നായികയായെത്തുക. ഇവരെ കൂടാതെ അനു മോഹന്‍, ടി ജെ അരുണാചലം, കോട്ടയം രമേഷ്, രാജശ്രീ നായര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും.
ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ അനീഷ് എം തോമസ്, സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ജയന്‍ നമ്പ്യാര്‍ ആണ്. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ സച്ചി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച പ്രൊജക്‌ടായിരുന്നു 'വിലായത്ത് ബുദ്ധ'. സച്ചിയുടെ മരണത്തെ തുടര്‍ന്ന് ജയന്‍ നമ്പ്യാര്‍ ഈ സിനിമയിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് ജയന്‍ നമ്പ്യാര്‍.
ശ്രീജിത്ത് സാരംഗ് എഡിറ്റിങും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും. സഹസംവിധാനം - ആദിത്യന്‍ മാധധവ്, ജിഷ്‌ണു വേണുഗോപാല്‍, അര്‍ജുന്‍; കലാസംവിധാനം - ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് ഈ കുര്യന്‍, പ്രൊജക്‌ട് ഡിസൈനര്‍ - മനു ആലുക്കല്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - സുജിത് സുധാകരന്‍, മേക്കപ്പ് - മനുമോഹന്‍.
അതേസമയം 'ആടുജീവിതം' ആണ് പൃഥ്വിരാജിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി സംവിധായകന്‍ ബ്ലെസ്സി അതേ പേരില്‍ ഒരുക്കുന്ന ചിത്രമാണിത്. 'ആടുജീവിത'ത്തിനായി 30 കിലോയോളം ഭാരം താരം കുറച്ചിരുന്നു. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 98 കിലോയില്‍ നിന്നും 67 കിലോയായാണ് താരം ഭാരം കുറച്ചത്.
Also Read: വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍; കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് നന്ദി പറഞ്ഞ് പൃഥ്വിരാജ്