സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജ് Prithviraj ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഇടുക്കിയിലെ മറയൂരില്‍ 'വിലായത്ത് ബുദ്ധ' Vilayath Budha എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ഡോ.ജേക്കബ് വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. 'വിലായത്ത് ബുദ്ധ'യില്‍ ബസിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍, ചാടി ഇറങ്ങുന്നതിനിടെയാണ് പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. തനിക്ക് കുറച്ചുനാള്‍ വിശ്രമവും ഫിസിയോ തെറാപ്പിയും ആവശ്യമാണെന്ന് അറിയിച്ച് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഠിന പരിശ്രമം നടത്തുമെന്നും പൃഥ്വിരാജ് പ്രേക്ഷകരെ അറിയിച്ചിരുന്നു. 'അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ എനിക്കൊരു അപകടം സംഭവിച്ചു. ഏറ്റവും വിദഗ്‌ധരായ ഡോക്‌ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.
കുറച്ച് മാസത്തേയ്‌ക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കും. വേദനയില്‍ നിന്ന് മുക്‌തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്‍റെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് മടങ്ങി വരാനുമായി ഞാന്‍ പരിശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഓടി എത്തുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി' - പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'വിലായത്ത് ബുദ്ധ'യുടെ അവസാനഘട്ട ചിത്രീകരണം ഇടുക്കിയിലെ മറയൂരില്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് സിനിമയുടെ ഹൈലൈറ്റ്.
സിനിമയില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരന്‍റെ വേഷമാണ് ചിത്രത്തില്‍ താരത്തിന്. ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
ജിആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയംവദ ആണ് സിനിമയിലെ നായിക. അനു മോഹന്‍, കോട്ടയം രമേഷ്, ടി ജെ അരുണാചലം, രാജശ്രീ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ജയന്‍ നമ്പ്യാര്‍ ആണ് സിനിമയുടെ സംവിധാനം. ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' Empuraan ആണ് 'വിലായത്ത് ബുദ്ധ' കൂടാതെയുള്ള താരത്തിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. പരിക്കേറ്റതോടെ 'എമ്പുരാന്‍റെ' ചിത്രീകരണവും പ്രീ പ്രൊഡക്ഷനുമൊക്കെ അനിശ്‌ചിതത്വത്തിലാകും.
Also Read: ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍
'എമ്പുരാന്‍റെ' ചിത്രീകരണവുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന് അമേരിക്കയില്‍ പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമയുടെ ചിത്രീകരണം സെപ്‌റ്റംബറില്‍ തുടങ്ങാനിരിക്കുകയുമായിരുന്നു. എന്നാലിപ്പോള്‍ 'എമ്പുരാന്‍റെ' ചിത്രീകരണം തല്‍ക്കാലത്തേയ്‌ക്ക് നീട്ടിവച്ചു. മറ്റുചില സിനിമകളും പൃഥ്വിരാജിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.