ഒടുവിൽ കാത്തിരിപ്പിന് അവസാനമായി. മലയാള സിനിമാപ്രേമികൾ നാളേറെയായി കാത്തിരിക്കുന്ന ചിത്രം 'ആടുജീവിത'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. പൃഥ്വിരാജ് സുകുമാരനെന്ന അതുല്യനടന്‍റെ അതിഗംഭീര മേക്കോവർ തന്നെയാണ് പോസ്റ്ററിൽ ഹൈലൈറ്റാവുന്നത്. തെലുഗു സൂപ്പർ സ്റ്റാർ പ്രഭാസിന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവന്നത് (Prithviraj - Blessy Movie Aadujeevitham).
എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ്‌ലൈനോടെയാണ് ബ്ലെസി - പൃഥ്വിരാജ് ടീമിന്‍റെ സ്വപ്‌ന പദ്ധതിയായ ആടുജീവിതം എത്തുന്നത്. ഏപ്രിൽ 10ന് ഈ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ആടുജീവിതം പ്രേക്ഷകർക്കരികിൽ എത്തുക.
ബെന്യാമിന്‍റെ പ്രശസ്‌ത നോവൽ ആടുജീവിതമാണ് അതേ പേരിൽ ബ്ലെസി തിരശീലയിലേക്ക് പകർത്തുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽ കൂടിയാണിത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ഈ സിനിമയുടെ വരവും കാത്തിരിപ്പാണ്, വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. നാലരവര്‍ഷം നീണ്ട ഷൂട്ടിംഗിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 2018 മാർച്ചിലായിരുന്നു ബ്ലെസി 'ആടുജീവിതം' ഷൂട്ടിംഗ് ആരംഭിച്ചത്. പത്തനംതിട്ടയായിരുന്നു ആദ്യ ലൊക്കേഷൻ. പിന്നീട് പാലക്കാട് വച്ച് കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചു, അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം തുടർന്നു. പിന്നീട് ഒരിടവേളയ്‌ക്ക് ശേഷം 2020ലാണ് സംഘം ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തുന്നത്.
ഇതിനിടെ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങിക്കിടന്നതും വാർത്തയായി. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ഷൂട്ടിംഗ് നീണ്ടുപോയ സിനിമകളിലൊന്ന് കൂടിയാണ് 'ആടുജീവിതം'. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ 'ആടുജീവിതം' വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് ഒരുങ്ങിയത്. ചിത്രം വിതരണത്തിനായി എത്തിക്കുന്നത് മാജിക് ഫ്രെയിംസാണ്.
അമലാപോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശോഭാ മോഹനും മലയാളത്തില്‍ നിന്നുണ്ട്. ഹോളിവുഡ് നടൻ ലൂയിസ് ജിമ്മി ജീൻ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
ALSO READ: ഫാന്‍ മെയ്‌ഡ് പോസ്‌റ്ററുകള്‍ തയ്യാറാക്കൂ, ആടുജീവിതത്തിന്‍റ ഭാഗമാകൂ...
എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്‌ദമിശ്രണം. ചിത്രത്തിന്‍റെ ഛായാഗ്രഹണം കെ എസ് സുനിലും കലാസംവിധാനം പ്രശാന്ത് മാധവും നിർവഹിക്കുന്നു. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്മാന്‍. എഡിറ്റിംഗ് - ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പിആർഒ - ആതിര ദിൽജിത്ത്.